കടലുണ്ടി: പന്ത്രണ്ട് മിനിറ്റുകൊണ്ട് മെഹന്തിയില്‍ താജ് മഹല്‍ ഉള്‍പ്പെടെ ഏഴ് ലോകാദ്ഭുതങ്ങള്‍ കൈകളില്‍ ആവിഷ്‌കരിച്ച് ആദിത്യ നടന്നുകയറിയത് രണ്ട് റെക്കോഡുകളിലേക്ക്. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലുമാണ് ആദിത്യ(24) ഇടംനേടിയത് .

വടക്കുമ്പാട് അങ്ങാടിവീട്ടില്‍ പരേതനായ സുഭാഷിന്റെ മകളും മണ്ണൂര്‍ പഴയ ബാങ്കിനുസമീപം ശ്രീപുരി റോഡില്‍ കുപ്പാട്ട് നിധിന്റെ ഭാര്യയുമാണ് ആദിത്യ. മെഹന്തിയില്‍ വിസ്മയംതീര്‍ത്താണ് റെക്കോഡിട്ടത്.

സുഹൃത്തുക്കളുടെ പ്രോത്സാഹനത്തെ തുടര്‍ന്നാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിന് അപേക്ഷിച്ചത്. തുടര്‍ന്ന് റെക്കോഡിലേക്ക് ആദിത്യയെ പരിഗണിക്കുകയായിരുന്നു.

കുഞ്ഞുനാളിലേ വരകളോട് തുടങ്ങിയ പ്രണയം പിന്നീട് മെഹന്തിയിലേക്ക് നീങ്ങി.

കൂട്ടുകാരികളുടെ കൈകളില്‍ മെഹന്തിയണിയിച്ചായിരുന്നു തുടക്കം.

പിന്നീട്‌ മെഹന്തിയിടല്‍ ജോലിയായി. ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ആദിത്യ നൂറുകണക്കിന് ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. വ്യക്തികളുടെ പേരുകൊണ്ട് ചിത്രംവരയ്ക്കുന്ന പുതിയ രീതിയും ആദിത്യ വിജയകരമായി പരീക്ഷിച്ചിരിക്കയാണ്. ഭര്‍ത്താവ് നിധിന്റെ പൂര്‍ണ പിന്തുണകൂടിയായതോടെ വരകള്‍ക്കും മെഹന്തിക്കും വേഗം കൂടി. മെഹന്തിയില്‍ ഗിന്നസ് റെക്കോഡ് എന്ന ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് ഈ യുവതി.

Content Highlights: Wonders of the world with mehendi in twelve minutes by Adithya