ബെംഗളൂരു: കലബുറഗിയിലെ ലിംഗായത്ത് മഠത്തിന്റെ തലപ്പത്തേക്ക് വനിത. ഖജുരി ഗ്രാമത്തിലെ കൊരനേശ്വര സൻസ്തൻ മഠത്തിന്റെ അധിപയായിട്ടാണ് 40-കാരിയായ നീലലോചന തായിയെ നിയമിച്ചത്.

കർണാടകത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ലക്ഷക്കണക്കിന് അനുയായികളുള്ള ചിത്രദുർഗയിലെ ശ്രീ ജഗദ്ഗുരു മുരുഘരാജേന്ദ്ര മഠത്തിന്റെ ശാഖയാണ് കൊരനേശ്വര സൻസ്തൻ മഠം. കഴിഞ്ഞ വർഷം ഗദഗിലെ ലിംഗായത്ത് മഠത്തിന്റെ നേതൃത്വത്തിലേക്ക് മുസ്‌ലിം യുവാവിനെ നിയമിച്ചിരുന്നു.

ബസവേശ്വരയുടെ ലിംഗസമത്വമെന്ന മൂല്യമുയർത്തിപ്പിടിച്ചാണ് ജംഗമ ഗൗദ്രു ജാതിയിൽപ്പെട്ട നീലലോചന തായിയെ നിയമിക്കാൻ തീരുമാനിച്ചതെന്ന് മഠം അധികൃതർ വ്യക്തമാക്കി. ഇത് വലിയ നേട്ടമാണെന്നും ചിത്രദുർഗ മഠത്തിലെ മുരുഗ ശരണരുവിന്റെയും മുരുഗ രാജേന്ദ്ര ശിവയോഗിയുടെയും നേതൃത്വത്തിൽ പരിശീലനം നേടിവരുകയായിരുന്നുവെന്നും നീലലോചന തായി പറഞ്ഞു. കന്നഡയും മറാഠിയും അറിയുന്നതിനാൽ കന്നഡിഗരുടെയും മറാഠി സംസാരിക്കുന്നവരുടെയും ഇടയിൽ ഭാഷാ ഐക്യം കൊണ്ടുവരാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.

1997-’98 വർഷത്തിലാണ് നീലലോചനതായി ലിംഗ ദീക്ഷ സ്വീകരിച്ചത്. തുടർന്ന് സാധക, ബോധക, സുധാരക പരിശീലനം നേടി. പ്രൈമറി വിദ്യാഭ്യാസം മറാഠി മീഡിയത്തിലായതിനാൽ 2001-നും 2005-നും ഇടയിൽ കന്നഡ പഠിക്കുന്നതിനായി ചിത്രദുർഗ മഠത്തിലെത്തി. മധുരബായിയുടെയും ഹനമുന്തപ്പ നഗരെയുടെയും ഇളയമകളാണ് നീലലോചന തായി. സാധാരണഗതിയിൽ മഠാധിപതിയുടെ കുടുംബത്തിൽനിന്നുള്ളവരെയായിരുന്നു പിൻഗാമിയായി നിയമിച്ചിരുന്നത്. എന്നാൽ, കുടുംബാംഗങ്ങളെ നിയമിക്കുന്നത് തടഞ്ഞുകൊണ്ട് 2018-ൽ കോടതിവിധി വന്നിരുന്നു.

Content Highlights: Women to lead Lingayat Math