തൊടുപുഴ: കൂറ്റന്‍ തേക്ക് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ അന്പത്തഞ്ചുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മരത്തിന് മുകളില്‍ വെച്ച് ശ്വാസതടസമുണ്ടായ ഇവരെ ഏറെ പണിപ്പെട്ടാണ് താഴെയിറക്കിയത്. കഷ്ടപ്പെട്ട് വാങ്ങിയ വസ്തുവിന്റെ വിസ്തൃതി കുറഞ്ഞെന്നും പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചാണ് വീട്ടമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
വ്യാഴാഴ്ച രാവിലെ പന്ത്രണ്ടേകാലോടെയാണ് വെങ്ങല്ലൂര്‍ പ്ലാവിന്‍ചുവട് സ്വദേശിനി അയല്‍വാസിയുടെ പുരയിടത്തിലെ തേക്ക്മരത്തില് കയറിയത്. ഇവരുടെ ആറ് സെന്റ് സ്ഥലത്തില്‍ ഇപ്പോള്‍ 4.5 സെന്റ് മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി നഷ്ടപ്പെട്ടുവെന്നുമാണ് വീട്ടമ്മ പറയുന്നത്. റീസര്‍വേ നടത്തി നഷ്ടപ്പെട്ട സ്ഥലം വീണ്ടെടുത്തു നല്‍കണമെന്ന് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആത്മഹത്യാഭീഷണി.
നാല്പ്പതടിയോളം ഉയരമുള്ള മരത്തിന്റെ ഏകദേശം മുകളില്‍ തന്നെ ഇരുപ്പുറപ്പിച്ച ഇവരെ അനുനയിപ്പിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഇവരുടെ അനുരഞ്ജന നീക്കവും ഫലം കണ്ടില്ല. ഇതോടെ തഹസില്‍ദാരെ ഫോണില്‍ വിളിച്ചു നല്‍കാമെന്നും അതിനായി ഒരാളെ മരത്തിന് മുകളില്‍ കയറാന്‍ അനുവദിക്കണമെന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ വീട്ടമ്മയോട് അഭ്യര്‍ഥിച്ചു. അവര്‍ ഇതംഗീകരിച്ചതോടെ ലീഡിങ് ഫയര്മാന് ടി.വി.രാജന് മരത്തിന് മുകളിലേക്ക് ഫോണുമായി കയറി. ഇതിനിടെ മറ്റുള്ളവര്‍ താഴെ വല കെട്ടി അപകട ഭീഷണി ഒഴിവാക്കി.
ലീഡിങ് ഫയര്മാനുമായി സംസാരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് ശ്വാസതടസമുണ്ടായി. ഉടന്‍തന്നെ താഴെ നിന്ന് കയറെടുത്ത് രാജന് വീട്ടമ്മയെ മരവുമായി ചേര്‍ത്ത് കെട്ടി. ഇതിനിടെ വീട്ടമ്മ ഇന്‍ഹെയ്ലര്‍ ഉപയോഗിച്ചു. പിന്നീട് കയറില്‍ കെട്ടി വീട്ടമ്മയെ സുരക്ഷിതമായി താഴേക്കിറക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പോലീസിന്റെ വാഹനത്തില്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സ നല്കി. അസി. സ്റ്റേഷന് ഓഫീസര്‍ പി.വി.രാജന്റെ നേതൃത്വത്തില്‍ ഫയര്മാന്മാരായ പ്രശാന്ത്, നൗഷാദ്, രാജേഷ് കുമാര്‍, ജിന്‍സ് മാത്യു, നൗഷാദ്, ബെന്നി, മുഹമ്മദ് കബീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.Toll Free Help Number: 1056)
Content Highlights: women suicide attempt because of government authority irresponsibility