സ്ത്രീകള്‍ പലപ്പോഴും പുരുഷന്മാരേക്കാള്‍ കൂടുതല്‍ ചിരിക്കാറുണ്ടെന്ന് അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയുടെ പുതിയ പഠനം. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 62 തവണ ചിരിക്കും എന്നാണ് പഠനം പറയുന്നത്. എന്നാല്‍, പുരുഷന്മാര്‍ ഒരു ദിവസം  എട്ടു തവണ മാത്രമാണ് ചിരിക്കുന്നത്.

ഈ ചിരിയുടെ എണ്ണം പല കാരണങ്ങള്‍ കൊണ്ടും കൂടിയും കുറഞ്ഞും കാണപ്പെടാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. സമൂഹത്തില്‍ അധികാരം, തൊഴില്‍, സമൂഹ നേതൃത്വം എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടേതിന് തുല്യമായ പങ്കാളിത്തമില്ലാത്തത് ചിരിയുടെ വ്യത്യാസത്തിന് പ്രധാനകാരണമായി ഗവേഷകര്‍ പറയുന്നുണ്ട്. അതായത് വിവേചനങ്ങള്‍ മറികടക്കാനും പ്രതിസന്ധിഘട്ടങ്ങളില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വേദനകള്‍ മറക്കാനും സമാധാനം ഉറപ്പാക്കാനുമെല്ലാം സ്ത്രീകള്‍ ചിരിക്കുന്നതായാണ് അവര്‍ കണ്ടെത്തിയത്. ചുരുക്കത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ചിരിക്കുന്നുവെന്ന് കരുതി അവര്‍ ജീവിതത്തില്‍ പുരുഷന്മാരാക്കാള്‍ കൂടുതല്‍ സന്തോഷമുള്ളവരാണ് എന്ന് അര്‍ത്ഥമില്ല. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് എന്നതാണ് ഇതിന് പിന്നിലെ രഹസ്യം. കൗമാരപ്രായത്തിലാണ് സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ ചിരിക്കുന്ന സ്വഭാവം കൂടുതലുള്ളതെന്നും പഠനം പറയുന്നുണ്ട്. 

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ചിരിക്കാന്‍ വേറെയും നിരവധി കാരണങ്ങളാണ് ഗവേഷകര്‍ പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ തങ്ങളുടെ വികാരങ്ങള്‍ കൂടുതലായി പ്രകടിപ്പിക്കുന്നവരാണ്. അവരില്‍ സഹാനുഭൂതി കൂടുതലും പെട്ടെന്ന് വികാരഭരിതരാവരുമാണ്. മാത്രമല്ല ജന്മനാ തന്നെ സ്ത്രീകളില്‍ ചിരിക്കാനുള്ള കഴിവ് കൂടുതലാണത്രേ. 

യേല്‍ സര്‍വകലാശാലയിലെ മന:ശ്ശാസ്ത്രവിഭാഗം പ്രൊഫസറായ മരിയാന്നെ ലാ ഫ്രാന്‍സാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ സൈക്കോളജിക്കല്‍ ബുള്ളറ്റിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Content Highlights: Women smile more than men a study finds