ന്യൂഡൽഹി: ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. രാജ്യത്തെ ലോകോളേജുകളിൽ ഇതേരീതിയിൽ സംവരണം വേണമെന്ന ആവശ്യത്തെ അദ്ദേഹം പിന്തുണച്ചു.

ജസ്റ്റിസ് രമണയ്ക്കും പുതുതായി നിയമിതരായ ഒമ്പത് ജഡ്‌ജിമാർക്കും ആശംസയറിയിക്കാൻ സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകർ നടത്തിയ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“ജുഡീഷ്യറിയിലും ലോ കോളേജുകളിലും 50 ശതമാനം സംവരണം നിങ്ങളുടെ അവകാശമാണ്. അത് ആവശ്യപ്പെടാൻ നിങ്ങൾക്ക് അവകാശമുണ്ട്. ജുഡീഷ്യറിയുടെ താഴത്തെ തലങ്ങളിൽ 30 ശതമാനത്തിൽത്താഴെയേ വനിതാ ജഡ്‌ജിമാരുള്ളൂ. ഹൈക്കോടതികളിൽ 11.5 ശതമാനവും സുപ്രീംകോടതിയിൽ 11-12 ശതമാനവും മാത്രമാണ് സ്ത്രീകൾ. രാജ്യത്തെ 17 ലക്ഷം അഭിഭാഷകരിൽ സ്ത്രീകൾ 15 ശതമാനമേയുള്ളൂ. സംസ്ഥാന ബാർ കൗൺസിലുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ സ്ത്രീകൾ രണ്ടുശതമാനംമാത്രമാണ്. എന്തുകൊണ്ടാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ കമ്മിറ്റിയിൽ ഒരു വനിതാ പ്രതിനിധിപോലും ഇല്ലാത്തതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ഇതെല്ലാം അടിയന്തരമായി മാറേണ്ടതുണ്ട്.

കാൾ മാക്സ് പറഞ്ഞത് നിങ്ങളെയെല്ലാവരെയും ഞാൻ ഓർമപ്പെടുത്തുകയാണ്, ‘സർവരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ. നഷ്ടപ്പെടാൻ ഇല്ലൊന്നും, ഈ കൈവിലങ്ങുകളല്ലാതെ’ -ഈ ആഹ്വാനം ഞാൻ ഇങ്ങനെ പരിഷ്കരിക്കും, ‘സർവരാജ്യ വനിതകളേ സംഘടിക്കുവിൻ. നഷ്ടപ്പെടാനില്ലൊന്നും, ഈ ചങ്ങലകളല്ലാതെ” -ചീഫ് ജസ്റ്റിസ് പറഞ്ഞു.

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, തിരക്കേറിയ കോടതി മുറികൾ എന്നിവ വനിതാ അഭിഭാഷകർക്ക് സൗഹാർദപരമല്ലാത്ത ചില പ്രധാന പ്രശ്നങ്ങളാണെന്ന് താൻ സമ്മതിക്കുന്നുവെന്ന് ജസ്റ്റിസ് രമണ പറഞ്ഞു.