റന്‍സി നോട്ട് നിരോധനമൊന്നും പൊന്നമ്മയുടെ കടയിലെ കച്ചവടത്തെ ബാധിച്ചിട്ടില്ല. കാന്തല്ലൂരിലെ പുത്തൂര്‍ ഗ്രാമത്തില്‍ പൊന്നമ്മ കട നടത്തുന്നത് കൈമാറ്റ(ബാര്‍ട്ടര്‍) സമ്പ്രദായത്തിലാണ്. നോട്ടുകളും നാണയങ്ങളുമൊന്നും ഇവിടെ 'ചെലവാകുകയില്ല'.

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ കൊണ്ടുവന്നാല്‍ പൊന്നമ്മ പകരം പലചരക്കുസാധനങ്ങള്‍ നല്‍കും. ഭര്‍ത്താവ് പരേതനായ പുല്ലാര്‍കാട് കൊച്ചുനാരായണന്‍ 54 വര്‍ഷം മുന്‍പ് തുടങ്ങിവച്ച ബാര്‍ട്ടര്‍ സമ്പ്രദായമാണ് എഴുപതുവയസ്സുകാരിയായ പൊന്നമ്മ തുടര്‍ന്നുവരുന്നത്. 

164 വീടുകള്‍ അടുത്തടുത്തായിട്ടുള്ള പുത്തൂര്‍ ഗ്രാമത്തിനുള്ളിലാണ് പൊന്നമ്മയുടെ ഒറ്റമുറി പലചരക്ക് കട. വെളുത്തുള്ളി, മല്ലി, കടുക്, ബീന്‍സ് തുടങ്ങിയവ കര്‍ഷകരില്‍ നിന്ന് വാങ്ങി പകരം അരി, പഞ്ചസാര, തേയില തുടങ്ങിയ പലചരക്കുസാധനങ്ങളാണ് നല്‍കുന്നത്. 

1980ന് മുമ്പ് മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെ ഗ്രാമങ്ങളില്‍ ബാര്‍ട്ടര്‍ സമ്പ്രദായം നിലവിലുണ്ടായിരുന്നു. നെല്ലിന് പകരം പലചരക്ക് എന്ന രീതിയില്‍ ഇപ്പോള്‍ പൊന്നമ്മയുടെ കടയില്‍ മാത്രമാണ് ഇങ്ങനെ കച്ചവടമുള്ളത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ പൊന്നമ്മയുടെ കച്ചവടത്തെ തെല്ലും ബാധിച്ചിട്ടില്ല.