സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക മാര്‍ക്കറ്റ് തുറന്നിരിക്കുകയാണ് അസമിലെ ഒരു ജില്ല. ബംഗ്ലാദേശുമായി ചേര്‍ന്നുകിടക്കുന്ന കച്ചാര്‍ ജില്ലയിലാണ്  വിഖ്യാത എഴുത്തുകരനും ജ്ഞാനപീഠ അവാര്‍ഡ് ജേതാവുമായ മമോനി റൈസം ഗോസ്വാമിയുടെ പേരിലുള്ള ഈ മാര്‍ക്കറ്റ്. 

വനിതകൾക്ക് മാത്രമുളള അസമിലെ ആദ്യ മാര്‍ക്കറ്റല്ല ഇത്. ബാരക്ക് വാലിയിലും ഇത്തരത്തിലൊരു മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ സ്ത്രീകള്‍ക്ക് മാത്രമായുള്ള മാര്‍ക്ക്റ്റ് തുറന്നത് രണ്ട് വര്‍ഷം മുന്‍പ് നംറുപ് ജില്ലായിലായിരുന്നു. മണിപൂരിലെ ഇമ കെയ്‌തെല്‍ മാര്‍ക്കറ്റിനെ അനുകരിച്ചായിരുന്നു ഇവിടെയും ഇത്തരം മാര്‍ക്കറ്റ് തയ്യാറാക്കിയത്.

''സ്ത്രീകള്‍ക്ക് മാത്രമായി ഒരു മാര്‍ക്കറ്റ് തയ്യാറാക്കുക എന്നത് സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ഒരു പടിയാണ്. മറ്റു ജില്ലകളിലും ഇത്തരം മാര്‍ക്കറ്റുകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്. സ്ത്രീ ശാക്തീകരണം  കുടുംബ ശാക്തികരണത്തിന് കാരണമാകുകയും ഇതിലൂടെ നമ്മുടെ സമൂഹം  വികസിക്കുകയും ചെയ്യും,'' ഡെപ്യൂട്ടി കമ്മീഷ്ണറായ കീര്‍ത്തി ജല്ലി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

അസമില്‍ പോസ്റ്റിംഗ് ലഭിച്ചതിന് ശേഷമാണ് ഗോസ്വാമിയുടെ 'മോത് ഈറ്റണ്‍ ഹൗദ ഓഫ് ദി ടസ്‌കര്‍' എന്ന പുസ്തകം വായിച്ചതെന്ന് ജല്ലി പറയുന്നു. അസമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പുസ്തകം സഹായിച്ചെന്നും അതുകൊണ്ടാണ് അവരുടെ പേര് നല്‍കിയതെന്നും ജല്ലി പറയുന്നു.

സ്ത്രീകള്‍ക്ക് മാത്രമായുള്ള മാര്‍ക്കറ്റില്‍ സ്വയം സഹായ സംഘങ്ങള്‍ വഴി സ്ത്രീകള്‍ക്ക് വേണ്ട് ട്രെയ്‌നിംഗുകളും മറ്റു കാര്‍ഷിക സ്വയം തൊഴില്‍ പരിശീലനങ്ങളും നല്‍കുന്നുണ്ട്. 

ഇംഫാലിലെ ഇമ കെയ്‌തെല്‍ (അമ്മമാരുടെ മാര്‍ക്കറ്റ്) സ്ത്രീകള്‍ സ്വന്തമായി നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റാണ്. 5,000 ത്തിലധികം സ്ത്രീകള്‍ ഇവിടെ കച്ചവടം നടത്തുന്നുണ്ട്. ഇതില്‍ 4,000 ത്തിലധികം പേര്‍ക്ക് ലൈസന്‍സുണ്ട്.

Content Highlights: Women's Market Named After Acclaimed Author Opens in Assam District