ബാലുശ്ശേരി:പുലർച്ചെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങി രാത്രി വൈകി അടുക്കളയിൽ അവസാനിക്കുന്ന ഓട്ടപ്പാച്ചിൽ. ഇതിനിടെ ജോലിയും കുടുംബകാര്യവും നാട്ടുകാര്യവും. വിശ്രമമില്ലാത്ത അടുക്കളജോലിയോട് അവധി പറഞ്ഞിരിക്കുകയാണ് ബാലുശ്ശേരി പറമ്പിൻമുകളിലെ ആറ് വീട്ടമ്മമാർ. തങ്ങൾക്കിനി പല അടുക്കളകൾ വേണ്ടെന്നാണ് ഇവരുടെ തീരുമാനം. ആറ്‌ കുടുംബങ്ങളുടെ പ്രഭാതഭക്ഷണവും ഉച്ചയൂണിന്റെ വിഭവങ്ങളും കൂട്ടത്തിലൊരാളായ തൊടുവൻകുഴിയിൽ ആസ്യയുടെ അടുക്കളയിൽ വേവും. രാവിലെ 7.30-നു മുമ്പ് ഇവ ടിഫിൻബോക്‌സുകളിലാക്കി വീടുകളിലെത്തിക്കുന്ന ചുമതലയും ആസ്യതന്നെ ഏറ്റെടുത്തു. നേരത്തേ കാറ്ററിങ്ങും ഹോട്ടൽജോലിയുമൊക്കെയുണ്ടായിരുന്ന ആസ്യക്കിതൊരു വരുമാനമാർഗവുമാണ്.

പാലോറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക എം. ബിൻസി, ബ്യൂട്ടീഷ്യനായ ഷീജ സുനി, റിട്ട. അധ്യാപികയും സാമൂഹികപ്രവർത്തകയുമായ ഗിരിജ പാർവതി, താലൂക്ക് ആശുപത്രിജീവനക്കാരി ലൗസി, എൻജിനിയറിങ് കോളേജ് ജീവനക്കാരി പ്രീത പുഷ്പരാജ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. ഇവരുടെ ആശയത്തെ സന്തോഷത്തോടെ കുടുംബവും പിന്തുണച്ചതോടെ വെള്ളിയാഴ്ചമുതൽ പൊതുഅടുക്കളയിൽ പാചകം തുടങ്ങി. ആദ്യദിവസം രുചിയറിയാനും പിന്തുണ അറിയിക്കാനും പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടും ആസ്യയുടെ വീട്ടിലെത്തി.

പരമാവധി നാടൻവിഭവങ്ങളുപയോഗിച്ച് വീട്ടുരുചിയിൽത്തന്നെ ഭക്ഷണമൊരുക്കാനാണ് ഇവരുടെ തീരുമാനം. ചെലവ് മാസാവസാനം ഭാഗംവെക്കുന്നതിനൊപ്പം ആസ്യയ്ക്ക് പ്രതിഫലവും നൽകും.

‘‘രാവിലെയും രാത്രിയും നല്ലൊരുസമയം അടുക്കളയിലാകുന്നതിനാൽ ഇഷ്ടപ്പെട്ടപുസ്തകം വായിക്കാൻപോലും ആഴ്ചകളെടുക്കുന്നതായി’’ അധ്യാപികയായ ബിൻസി പറയുന്നു. ‘‘രാവിലെ പത്രംവായിച്ചശേഷം സ്കൂളിലേക്കിറങ്ങാൻ എത്ര അധ്യാപികമാർക്ക് കഴിയാറുണ്ടെന്നും’’ അവർ ചോദിക്കുന്നു. ‘‘അടുക്കള ബജറ്റിൽ കാര്യമായ മിച്ചമുണ്ടാകുന്നതിനൊപ്പം ഭക്ഷണം പാഴാവുന്നില്ലെന്നതും ആശ്വാസമാണെന്നാ’’ണ് ഷീജയുടെ അഭിപ്രായം. ‘‘തന്റെ സർവീസ്‌കാലത്ത് ഇങ്ങനെ ഒരു സംവിധാനം ഉണ്ടായിരുന്നുവെങ്കിലെന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ടെന്ന്’’ ഇവർക്ക് മാർഗനിർദേശം നൽകി കൂടെനിൽക്കുന്ന റിട്ട. അധ്യാപിക നാണിക്കുട്ടി പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും അടുക്കളവിശേഷങ്ങളറിഞ്ഞ സഹപ്രവർത്തകരൊക്കെയും ഇവരെ അഭിനന്ദിക്കുകയാണ്. തങ്ങളുടെ നാട്ടിലും ഇത്തരമൊരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹമാണ് സുഹൃത്തുക്കൾ പങ്കുവെക്കുന്നത്.

പൊന്നാനിയിലെ മുപ്പതോളം കുടുംബങ്ങൾ ചേർന്നുനടത്തുന്ന ഇത്തരമൊരു സംരംഭത്തെക്കുറിച്ചുള്ള വാർത്തയാണ് ഇവർക്ക് പ്രചോദനമായത്.

Content Highlights: Women's Collective Kitchen