തിരുവനന്തപുരം: സി.പി.എമ്മിന്റെ പാർട്ടിഘടകങ്ങൾ പൂർണമായി പരിഷ്കരിക്കുന്നു. എല്ലാ ഘടകങ്ങളിലും കുറഞ്ഞത് പത്തുശതമാനം വനിതകളെ ഉൾപ്പെടുത്താനാണ് നിർദേശം. ജില്ലാ സെക്രട്ടേറിയറ്റിൽ ഒരാളെങ്കിലും വനിതയായിരിക്കണം. ജില്ലാകമ്മിറ്റി അംഗങ്ങളിൽ രണ്ടുപേരെങ്കിലും 40 വയസ്സിനു താഴെയുള്ളവരായിരിക്കണമെന്നും നിർദേശമുണ്ട്.

1997 ബ്രാഞ്ച് സെക്രട്ടറിമാർ ഇത്തവണ വനിതകളാണ്. ഇതിന് ആനുപാതികമായ പങ്കാളിത്തം ലോക്കൽ കമ്മിറ്റികളിലും ഉറപ്പുവരുത്തുന്നുണ്ട്. നേതൃശേഷിയുള്ള വനിതകളെ സെക്രട്ടറിതലത്തിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ലോക്കൽ-ഏരിയാ സെക്രട്ടറിമാരായി വനിതകളുണ്ടാകും.

എല്ലാ ജില്ലാകമ്മിറ്റികളിലും സ്ത്രീപങ്കാളിത്തമുണ്ടെങ്കിലും നിലവിൽ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സെക്രട്ടറിമാരായും വനിതകളില്ല. ജില്ലാകമ്മിറ്റികളിൽ കുറഞ്ഞത് 10 ശതമാനം സ്ത്രീകൾ വേണമെന്നതിനൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഒരാളെങ്കിലും വനിതകളാകണമെന്നാണ് നിർദേശം. ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾ വേണമെന്ന നിർദേശം പാർട്ടി നൽകിയിട്ടില്ല. പക്ഷേ, പുതിയ സാഹചര്യത്തിൽ അതിനുള്ള സാധ്യത ഏറെയാണ്. വനിതകളുടെ പങ്കാളിത്തംകൂടുന്നത് പാർട്ടിയെ ജനകീയമാക്കുന്നുണ്ടെന്നാണ് സി.പി.എം. വിലയിരുത്തൽ.

75 വയസ്സുകഴിഞ്ഞവരെ പാർട്ടികമ്മിറ്റികളിൽനിന്ന് മാറ്റിനിർത്തണമെന്നത് കേന്ദ്രകമ്മിറ്റി തീരുമാനമാണ്. ഓരോ സംസ്ഥാനത്തിനും ആവശ്യമെങ്കിൽ ഇതിൽ ഇളവുനൽകാം. കേരളത്തിൽ ഇളവുനൽകേണ്ടതില്ലെന്നാണ്‌ പൊതുതീരുമാനം. 75 വയസ്സുകഴിഞ്ഞവരെ സംഘടനാ ഉത്തരവാദിത്വം ഏൽപ്പിക്കേണ്ടതില്ലെന്നും നിർദേശമുണ്ട്.

ഇതിൽ ഇളവുനൽകുന്നത് ഉപരികമ്മിറ്റി പരിശോധിച്ചുമതി. ഇതനുസരിച്ച് പ്രായപരിധി കഴിഞ്ഞവരെ ജില്ലാകമ്മിറ്റി അംഗങ്ങളാക്കുന്നതിന് സംസ്ഥാനസമിതിയുടെയും സംസ്ഥാനകമ്മിറ്റി അംഗമാക്കുന്നതിന് കേന്ദ്രകമ്മിറ്റിയുടെയും അനുമതി വേണ്ടിവരും. അത്തരത്തിൽ ആരെയെങ്കിലും ഉൾപ്പെടുത്തണമെങ്കിൽ, സ്ഥാനം ഒഴിച്ചിടുകയും പിന്നീട് ഉപരിഘടകത്തിന്റെ അനുമതിയോടെ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതായിരിക്കും രീതി.

പാർട്ടിഭാരവാഹികളാകുന്നവർ മുഴുവൻസമയം സംഘടനാപ്രവർത്തനത്തിന് സമയമുള്ളവരാകണം. സഹകരണസ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്നവർ പാർട്ടിചുമതലയിൽ വരുന്നത് ഉചിതമാവില്ലെന്നാണ് സംസ്ഥാനനേതൃത്വം നിർദേശിച്ചിട്ടുള്ളത്. എന്നാൽ, ഏരിയാകമ്മിറ്റികളിലടക്കം സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർ അംഗമായിട്ടുണ്ട്. സമ്മേളനത്തിനുശേഷം ഇവരെ ഒഴിവാക്കി, പുതിയ അംഗങ്ങളെ നിശ്ചയിച്ചേക്കുമെന്നാണ് സൂചന.