കാലാവസ്ഥാ മാറ്റത്തിനെതിരെ ബ്രിട്ടണ്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധത്തിലാണ് എക്സ്റ്റിന്‍ഷന്‍ റിബല്യന്‍ എന്ന സ്ത്രീകളുടെ കൂട്ടായ്മ. പ്രകൃതി ചൂഷണം ഒരു നഗ്ന സത്യമാണ് എന്നതിനെ പ്രതീകാത്മകമായി കാണിക്കാനായി മേല്‍ വസ്ത്രം ധരിക്കാതെയാണ് ഇവരുടെ പ്രതിഷേധം.
മുഖത്ത് നാല് ഡിഗ്രി സെല്‍ഷ്യസ് എന്ന് എഴുതിയ മാസ്‌കുകളും ഇവരണിഞ്ഞിട്ടുണ്ട്. ഭൂമിയിലെ താപനില നാല് ഡിഗ്രി വരെ ഉയരാം എന്ന ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പിനെ സൂചിപ്പിക്കാനാണ് ഇത്. പട്ടിണി, തുടച്ചുമാറ്റപ്പെടല്‍, അക്രമം തുടങ്ങിയ വാക്കുകളും ഇവര്‍ ശരീരത്തില്‍ പെയിന്റ് ചെയ്താണ് ഇവര്‍ പ്രതിഷേധത്തിനായി എത്തിയത്.
'നഗ്ന സത്യത്തെ മറച്ചു വയ്ക്കാനാവുമോ' എന്നെഴുതിയ ബാനറും കൈയിലേന്തിയാണ് പത്ത് ദിവസമായി നീളുന്ന ഇവരുടെ പ്രതിഷേധം. ഈ സ്ത്രീകള്‍ കഴുത്തിലണിഞ്ഞിരുന്ന ഡെഡ്‌ലോക്കുകള്‍ പിന്നീട് പോലീസെത്തി ബലമായി അഴിച്ചു മാറ്റി. ലോക്കുകള്‍ പാര്‍ലമെന്റിന് മുന്നിലെ ഗെയിറ്റ് അഴികളില്‍ കുടുക്കിയ നിലയിലായിരുന്നു.
സമരപരിപാടികള്‍ക്കിടയില്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ പത്രങ്ങളുടെ പ്രിന്റിങും വിതരണവും ഇവര്‍ തടഞ്ഞിരുന്നു. 'ബോറിസിനും അയാളുടെ ഗവണ്‍മെന്റും മാധ്യമരാജാവ് മര്‍ഡോക്കിന്റെ പ്രസ്സും ഭൂമിയിലെ ജീവനുകളെ മൊത്തം ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മുഖം തിരിക്കാനാകുമോ?' പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സാറാ മിന്ത്രം ചോദിക്കുന്നു. സത്യം നഗ്നമാണ്, 'എന്നിട്ടും അവരെന്താണ് ശ്രദ്ധിക്കാത്തത്.'
Content Highlights: Women protesters lock themselves and topless outside Britain Parliament to protest climate change