'ണിച്ചേച്ചിക്ക് ആരുമില്ല. ഇങ്ങനെ ആരുമില്ലാത്തവര്‍ വേറെയും കാണും. അവരെ ഇവിടെ കൊണ്ടുവന്ന് നിര്‍ത്തിക്കോളൂ.' കിഴൂര്‍ മാന്തോപ്പിലെ ചിറളയത്തുവീട്ടില്‍ ശാന്തകുമാരിക്ക് (മണി) ഇതുപറയുമ്പോള്‍ നിറഞ്ഞ സന്തോഷം. സ്വന്തം പേരിലുള്ള 18 സെന്റ് സ്ഥലത്തിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം. സുരേഷിന് കൈമാറി. ഈ സ്ഥലത്ത് വയോജനങ്ങളെ സംരക്ഷിക്കാനുള്ള സൗകര്യമൊരുക്കണമെന്ന അപേക്ഷമാത്രമാണ് ഇവര്‍ക്കുള്ളത്.

1950-ലാണ് ചിറളയത്ത് അമ്മാളുവിന്റെ മകളായി ശാന്തകുമാരിയുടെ ജനനം. 1977 ഏപ്രില്‍ ഒമ്പതിന് വിവാഹിതയായി. സ്ഥലത്തിനോടും പണത്തിനോടും മാത്രമാണ് ഭര്‍ത്താവിന് താത്പര്യമെന്നറിഞ്ഞതോടെ ഒന്നരവര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചു. എട്ടാംക്ലാസുവരെ പഠിച്ചിട്ടുണ്ട്.

തൃശ്ശൂരില്‍ ആരോഗ്യവിഭാഗത്തില്‍ സ്വീപ്പറായി ജോലികിട്ടിയതാണ്. ശാരീരിക അസ്വസ്ഥതകള്‍ വന്നതോടെ അതിനു പോകാനായില്ല. അമ്മയോടൊപ്പം മുളകൊണ്ടുള്ള മുറങ്ങളും കൊട്ടയും പരമ്പുമെല്ലാം നെയ്തുവിറ്റ് വരുമാനം കണ്ടെത്തി.

2000-ത്തില്‍ അമ്മാളു മരിച്ചു. തനിച്ചായെങ്കിലും കിഴൂരില്‍നിന്ന് മാറിത്താമസിക്കാന്‍ മനസ്സുവന്നില്ല. നാട്ടുകാരുടെ പ്രിയങ്കരിയാണ് മണിച്ചേച്ചി. ക്ഷേമാന്വേഷണങ്ങളുമായി അയല്‍ക്കാരില്‍ ചിലര്‍ എന്നുമെത്തും. കൗണ്‍സിലര്‍ കെ.ബി. സലീമിന്റെ സഹായത്തോടെ ഈയിടെ വാര്‍ധക്യപെന്‍ഷന്‍ അനുവദിച്ചു.

'എന്നെപ്പോലെ ആരുമില്ലാത്ത ആരെങ്കിലുമൊക്കെ വന്നാല്‍ എനിക്കൊരു കൂട്ടാകും. പിന്നെ സന്തോഷത്തോടെ കഴിയാലോ' - ശാന്തകുമാരി പറഞ്ഞു. ശാന്തകുമാരിക്ക് വീടുനിര്‍മിച്ചുനല്‍കി സംരക്ഷിക്കുമെന്നും വയോജനകേന്ദ്രമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതര്‍ ഇവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.