ലോകമെങ്ങുമുള്ള ആളുകള്‍ മാസ്‌കുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള രൂപത്തിലും ഭംഗിയിലുമുള്ള മാസ്‌കുകള്‍ ഉണ്ടാക്കുന്നവര്‍ ഏറെയുണ്ട് ഇപ്പോള്‍. എന്നാല്‍ കേള്‍വി പ്രശ്‌നങ്ങള്‍ ഉള്ളവരോടൊപ്പം ജീവിക്കുന്നവര്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യല്‍ മാസ്‌ക് ഉണ്ടാക്കുകയാണ് ക്ലെയര്‍ ക്രോസ് എന്ന സ്ത്രീ. നാല്‍പത്തഞ്ചുകാരിയായ ഇവര്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ഒരു പബ് മാനേജരാണ്.

ക്ലെയര്‍ തയ്യാറാക്കുന്ന മാസ്‌കുകളുടെ മുന്‍ഭാഗം ക്ലിയര്‍ പാനലുകളാണ്. കേള്‍വിശക്തി ഇല്ലാത്തവര്‍ക്ക് മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ചുണ്ടുകളുടെ ചലനം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത്. 'കേള്‍വിക്കുറവിന് പുറമേ മറ്റുതടസ്സങ്ങള്‍ കൂടി അവരെ ബാധിക്കാന്‍ ഇടവരരുത്.' തന്റെ ലക്ഷ്യത്തെ പറ്റി ക്ലെയര്‍ പറയുന്നത് ഇങ്ങനെ.

ക്ലെയര്‍ ഇതുവരെ 100 മാസ്‌കുകള്‍ തയ്യാറാക്കി വിതരണം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഈ മാസ്‌കുകളുടെ ചിത്രം പങ്കുവച്ചതോടെ ആവശ്യക്കാരും ധാരാളം എത്തുന്നുണ്ട്. ലോക്ഡൗണ്‍ കാലം  കേള്‍വി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും  എല്ലാ ആളുകളെയും പോലെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പറ്റണം എന്നാണ് അവരുടെ ആഗ്രഹം. 

ഇംഗ്ലണ്ടില്‍ മാത്രം ഒമ്പത് മില്യണ്‍ ആളുകള്‍ക്ക് കേള്‍വി പ്രശ്‌നമുണ്ടെന്നാണ് കണക്ക്. ഇംഗ്ലണ്ടിലെ നാഷണല്‍ ഡെഫ് ചില്‍ഡ്രന്‍സ് സൊസൈറ്റി അടക്കം ഒമ്പതോളം സംഘടനകള്‍ ഇപ്പോള്‍ ക്ലെയറിന്റെ മോഡലിലുള്ള മാസ്‌കുകള്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ട്. 

ഇതിനൊപ്പം 3000 സാധാരണ മാസ്‌കുകളും ക്ലെയര്‍ തന്റെ സുഹൃത്തുക്കളുടെ സഹകരണത്തോടെ നിര്‍മിച്ചു വിതരണം ചെയ്തു കഴിഞ്ഞു.  

Content Highlights: women makes mask with clear panels for people with hearing loss can lip read