രാത്രി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവതി പോലീസ് പിടിയിൽ. അമേരിക്കയിലെ പെൻസിൽവാനിയയിലാണ്  സംഭവം. യുവതി മദ്യപിച്ചിട്ടില്ലെന്നും അവർക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞ പോലീസ് അതുകൊണ്ടു തന്നെ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിനാണ് കേസെടുത്തത്. യുവതിയെ കസ്റ്റഡിയിലെടുത്ത ഡ്യൂക്യുസിൻ പോലീസ് തന്നെയാണ്  രസകരമായ സംഭവം ഫെയ്​സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

യുവതിയുടെ സാഹസം  ആത്മഹത്യാശ്രമമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ചോദ്യം ചെയ്തപ്പോൾ പോലീസുകാർ ഒന്ന് ഞെട്ടി. "ജി പി എസ് വഴികാണിച്ചു. താൻ വാഹനം ഓടിച്ചു." എന്നായിരുന്നു കിലുക്കത്തിലെ രേവതി സ്റ്റൈലിലുള്ള യുവതിയുടെ നിഷ്കളങ്കമായ മറുപടി.

രാത്രി ഏകദേശം പത്ത് മണി ആയപ്പോഴാണ് ഒരു യുവതി റോഡിനോട് ചേർന്ന റെയിൽവേ ട്രാക്കിലൂടെ വാഹനം ഒാടിക്കുന്നുണ്ടെന്നും അതൊരു ആത്മഹത്യാശ്രമായിരിക്കുമെന്നുമുള്ള സന്ദേശം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അവരെത്തി യുവതിയെ പിടികൂടുകയായിരുന്നു. 
 


അടുത്തിടെ മെരിലൻഡിൽ വെർജീനിയ സ്വദേശിയായ ഒരു സത്രീ ഇതുപോലെ റെയിൽവെ ട്രാക്കിൽ വച്ച് ട്രെയിൻ ഇടിച്ച് മരിച്ചിരുന്നു. ഇവർ ഒാടിച്ച കാറിന്റെ ടയർ ട്രാക്കിൽ കുടുങ്ങുകയായിരുന്നു. പിന്നീട് രക്ഷാശ്രമത്തിനിടെ കാർ പിറകോട്ട് ഉരുണ്ടുപോവുകയും സ്ത്രീ വാഹനത്തിൽ നിന്ന് തെറിച്ചുവീഴുകയുമായിരുന്നു.

Content Highlights: Women Drive Car in  Railway Track by the advice of GPS