സ്ത്രീ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുന്ന പ്രാകൃതമായ രീതികള്‍ക്കെതിരേ ലോകമെമ്പാടുനിന്നും ശബ്ദമുയരുന്ന കാലത്തും ഇറാനില്‍ ഏര്‍പ്പെടുത്തിയ വിചിത്ര നിയമമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സ്ത്രീകള്‍ പിസയും സാന്‍ഡ്‌വിച്ചും കഴിക്കുന്ന പരസ്യങ്ങള്‍ ടെലിവിഷനില്‍ കാണിക്കാന്‍ പാടില്ലെന്ന നിയമമാണ് അവിടെ ടെലിവിഷന്‍ ചാനലുകള്‍മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ജോലിസ്ഥലത്ത് പുരുഷന്മാര്‍ സ്ത്രീകള്‍ക്കു ചായ നല്‍കുന്നതും ചുവന്നനിറമുള്ള പാനീയങ്ങള്‍ സ്ത്രീകള്‍ കുടിക്കുന്ന ദൃശ്യങ്ങളും കാണിക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ട്. സ്ത്രീകള്‍ ലെതറില്‍ നിര്‍മിച്ച ഗ്ലൗസും ധരിക്കാന്‍ പാടില്ലെന്നും പുതിയ നിയമത്തില്‍ പറയുന്നു. 

പരിശോധനയ്ക്കുശേഷമാണ് ടെലിവിഷന്‍ ചാനലുകള്‍ക്കും ചലച്ചിത്രനിര്‍മാതാക്കള്‍ക്കും സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയതെന്ന് ഇറാന്‍ വയര്‍ റിപ്പോര്‍ട്ടു ചെയ്തു. 

സ്ത്രീകളും പുരുഷന്മാരും അഭിനയിക്കുന്ന ദൃശ്യങ്ങളും ഫോട്ടോകളും അത് പുറത്തുവിടുന്നതിനു മുമ്പ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിക്(ഐ.ആര്‍.ഐ.ബി.) അവ കണ്ട് പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഐ.ആര്‍.ഐ.ബി.യുടെ പി.ആര്‍. ഹെഡ് ആമിര്‍ ഹുസ്സൈന്‍ ഷംഷാദി പറഞ്ഞു. 

ഹോം തിയേറ്ററുകള്‍ക്കും ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നത് ഐ.ആര്‍.ഐ.ബി.യാണ്. പിഴകള്‍ ഒഴിവാക്കുന്നതിന് ചില ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ സ്വയം സെന്‍സര്‍ ചെയ്യാറുണ്ട്.

Content highlights: women banned from eating pizz under bizarre tv censorship rules in iran