കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അസൗകര്യമുണ്ടാകാതിരിക്കാന്‍ റോഡപകടത്തില്‍ പൊട്ടിവീണ ചില്ലുകള്‍ നീക്കം ചെയ്യുന്ന വനിതാ ട്രാഫിക്ക് പോലിസുകാരിയെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞ് സോഷ്യല്‍ മീഡിയ. പൂണെ തിലക് റോഡില്‍ തിങ്കളാഴ്ചയുണ്ടായ ഒരു ചെറിയ അപകടത്തിലാണ് വഴിയില്‍ ചില്ലുകള്‍ ചിതറിക്കിടന്നത്. ഇതാണ് പോലീസ് ഓഫീസര്‍ ചൂല്‍ ഉപയോഗിച്ച് നീക്കുന്നത്. 

ചില്ല് നീക്കിയ അമല്‍ദാര്‍ റാസിയ സെയ്യിദിന്റെ വീഡിയോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ഗ്ലാസും ഫൈബര്‍പൈപ്പുകളും അടിച്ചുവാരി മാറ്റുന്നത് വീഡിയോയില്‍ കാണാനാകും. 

മഹാരാഷ്ട്ര ആഭ്യന്തര മന്തി അനില്‍ ദേശ്മുഖ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ' യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വനിതാ പോലീസുകാരിയായ അമല്‍ദാര്‍ റാസിയ സെയ്യിദ് അപകടത്തില്‍ പൊട്ടിവീണ ആ ഗ്ലാസുകള്‍ നീക്കം ചെയ്യാന്‍ മുന്‍കൈ എടുത്തു. സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തവും പൊതുജനങ്ങളോടുള്ള കരുതലും അഭിനന്ദനാര്‍ഹമാണ്.'' മന്ത്രി കുറിക്കുന്നു. 

എന്നാല്‍ രസകരമായ മറ്റൊരു ദൃശ്യം കൂടി ആ വീഡിയോയില്‍ ഉണ്ട്. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ ഫോണില്‍ നോക്കി നില്‍ക്കുന്ന ഒരു പോലീസുകാരനെയും വീഡിയോയില്‍ കാണാം.

Content Highlights: Woman traffic police constable  remove broken glasses after accident in Pune wins praise