ലോകത്തെ മുഴുവന്‍ വിറപ്പിച്ചു കൊണ്ട് മുന്നേറി കൊണ്ടിരിക്കുകയാണ് കൊറോണയെന്ന മഹാമാരി. കഴിഞ്ഞ വര്‍ഷം ക്ഷണിക്കാതെ എത്തിയ ഈ അതിഥി പലരുടെയും ജീവിതത്തെ തകിടം മറിച്ചു. പെട്ടെന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം നിരവധി വിവാഹ ചടങ്ങുകള്‍ മാറ്റി വെയ്‌ക്കേണ്ടി വന്നിരുന്നു. അത്തരത്തില്‍ വിവാഹ പാര്‍ട്ടി മാറ്റി വെയ്‌ക്കേണ്ടി വന്നതില്‍ ഒരാളാണ് അമേരിക്കന്‍ സ്വദേശി സാറാ സ്റ്റഡ്‌ലി. കഴിഞ്ഞ വര്‍ഷം വലിയ രീതിയില്‍ നടത്താന്‍ ഉദ്ദേശിച്ച കല്യാണം വളരെ ചുരുങ്ങിയ രീതിയില്‍ നടത്തുകയായിരുന്നു.ഇപ്പോഴിതാ യുവതി കല്യാണ പാര്‍ട്ടിക്ക് ധരിക്കാന്‍ ഉദ്ദേശിച്ച ഗൗണ്‍ അണിഞ്ഞ് വാക്‌സിന്‍ എടുക്കാന്‍ വന്നതാണ് ശ്രദ്ധ നേടുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് മെഡിക്കല്‍ സിസ്റ്റത്തിന്റെ ട്വിറ്റര്‍ പേജ് വഴിയാണ് ഈ വിവരം പുറത്ത് വിട്ടത്.

2019 ലാണ് സ്റ്റഡ്‌ലിയും ബ്രിയാന്‍ ഹോര്‍ലറും പ്രണയത്തിലാവുന്നത്. ഒരു വര്‍ഷത്തിന് ശേഷം വലിയ രീതിയില്‍ വിവാഹം നടത്താനായി തീരുമാനിച്ചിരുന്നു. എന്തായാലും മുടങ്ങി പോയ കല്യാണ റിസപ്ഷന്‍ ജൂണില്‍ നടത്താനായി ഇരുവരും ആലോചിക്കുന്നുണ്ട്.

ഫെബ്രുവരിയില്‍ സമാന രീതിയില്‍ ഗൗണ്‍ അണിഞ്ഞ് വാക്‌സിന്‍ എടുക്കാന്‍ ഒരു യുവതി വന്നത് സ്റ്റഡ്‌ലിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഗൗണ്‍ അണിഞ്ഞ് വാക്‌സിന്‍ എടുക്കാനായി സ്റ്റഡ്‌ലി തീരുമാനിച്ചത്.

Content Highlights: woman took the vaccine while wearing a wedding gown