അഞ്ചുസെന്റ് പുരയിടത്തില്‍ ഉള്ളത് 70 നായ്ക്കള്‍. ഇതില്‍ നാലെണ്ണം പ്രായമായവ, 14 എണ്ണം അസുഖങ്ങള്‍ ബാധിച്ചവ, ഒമ്പത് കുട്ടികള്‍... തളിക്കുളം പത്താംകല്ല് മങ്ങാട്ടുവീട്ടില്‍ സുനിതയുടെ ഓലവീട് നായ്ക്കളുടെ അനാഥാലയമായി മാറിയിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവയാണ് പലതും. അന്തിക്കാട്ടുവെച്ച് വാഹനം കയറി നട്ടെല്ല് തകര്‍ന്ന കുട്ടു ഇതിലൊരുവന്‍. ഇഴഞ്ഞുനീങ്ങാന്‍ മാത്രമേ ഇവനു സാധിക്കൂ. റോഡരികില്‍ കിടന്ന ഇവന്റെ ദേഹത്തേക്ക് കരുതിക്കൂട്ടി വാഹനം കയറ്റുകയായിരുന്നുവെന്നാരോപിച്ച് മൃഗസ്നേഹികള്‍ കേസ് നല്‍കിയിരുന്നു.
കൂടാതെ ഇരുപതോളം തെരുവുപട്ടികള്‍ക്ക് പലഭാഗങ്ങളിലായി ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്യുന്നു. ഒരുദിവസം വീട്ടിലെയും തെരുവിലെയും നായ്ക്കള്‍ക്കായി 15 കിലോ അരിയുടെ ചോറ് വേണം. പലരുടെയും സഹായത്തോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. അമ്പത് നായ്ക്കുട്ടികളെ പലരും കൊണ്ടുപോയി, സൗജന്യമായി.
ലോക്ഡൗണ്‍ തുടങ്ങിയപ്പോഴാണ് തെരുവിലെ പട്ടികള്‍ക്കും ഭക്ഷണം നല്‍കണമെന്ന സ്ഥിതിയുണ്ടായത്. അവയ്ക്ക് വൈകുന്നേരമാണ് ഭക്ഷണം കൊടുക്കുക. സുനിതയും അനുജത്തി സുചിത്രയും സ്‌കൂട്ടറിലെത്തി ഓരോ കവലയിലും ചെന്നാണ് തീറ്റ നല്‍കുക. സുനിത എല്‍.ഐ.സി. ഏജന്റാണ്. ഭര്‍ത്താവ് സിന്റോ ഓട്ടോഡ്രൈവറും. ചെറുവരുമാനക്കാരായ ഇവര്‍ മറ്റുള്ളവരുടെ സഹായത്തോടെയാണ് തെരുവുനായ്ക്കളെ സംരക്ഷിക്കുന്നത്. മറ്റൊരു വഴിയും ഇല്ലാതെ മരിക്കാറായവയെ മാത്രമാണ് ഇവര്‍ ഏറ്റെടുക്കാറ്.
മൃഗസ്‌നേഹികളായ സാലിവര്‍മയും ബി.എം. നായിക്കുമെല്ലാം ഇവര്‍ക്ക് സഹായങ്ങളുമായി എത്താറുണ്ട്. ഭക്ഷണത്തിനായുള്ള അരി സംഘടിപ്പിക്കാനും പാചകം ചെയ്യാനുള്ള പാത്രം സംഘടിക്കാനും മുന്നിട്ടിറങ്ങിയത് ഇവരായിരുന്നു. മുമ്പ് നായ്ക്കൂട് നിര്‍മിച്ചുനല്‍കിയതും സാലിവര്‍മയുടെ നേതൃത്വത്തിലായിരുന്നു.
Content Highlights: woman take care stray dogs during corona lock down