പരസ്പരം ഒത്തുപോകാനാകില്ലെന്ന ബോധ്യം വന്നാല്‍ ധാരണയോടെ പിരിഞ്ഞ് സൗഹാര്‍ദ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന ധാരാളം കാമുകീകാമുകന്മാരും ദമ്പതികളും ഇന്നുണ്ട്. എന്നാല്‍ പ്രതികാരം വീട്ടാനുള്ളതു തന്നെയാണെന്ന് വ്യക്തമാക്കി തന്റെ മുന്‍കാമുകനെ കരയിക്കാന്‍ ഒരു യുവതി ചെയ്ത പ്രവര്‍ത്തിയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.
ചൈന സ്വദേശിയായ യുവതിയാണ് ആരും ചിന്തിക്കാത്ത മാര്‍ഗത്തിലൂടെ തന്റെ മുന്‍കാമുകനെ കരയിക്കാന്‍ തീരുമാനിച്ചത്. സാവോ എന്ന പേരിലുള്ള പെണ്‍കുട്ടി കാമുകനുമായി പിരിഞ്ഞതോടെ താനെത്ര കരഞ്ഞുവോ അത്രത്തോളം കാമുകനെയും കരയിക്കുമെന്ന വാശിയിലായിരുന്നു. അങ്ങനെ കാമുകന്റെ വാതില്‍പ്പടിക്കു മുന്നില്‍ ആയിരംകിലോയോളം ഉള്ളി വാങ്ങിയിടുകയായിരുന്നു കക്ഷി.
ഒരു വര്‍ഷത്തോളം ഒന്നിച്ചുജീവിച്ച കാമുകന്‍ തന്നെ വഞ്ചിച്ചുവെന്നാണ് സാവോ പറയുന്നത്. അങ്ങനെയാണ് കാമുകനെ അറിയിക്കാതെ വാതില്‍പ്പടിയില്‍ ഉള്ളിയിട്ടു പോയത്. ഒപ്പം ഒരു കുറിപ്പും കക്ഷി വച്ചിരുന്നു. '' മൂന്നു ദിവസത്തോളമാണ് ഞാനിരുന്നു കരഞ്ഞത്, ഇനി നിന്റെ ഊഴമാണ്''- എന്നാണ് അതില്‍ എഴുതിയിരുന്നത്.
ഇതിന്റെ ചിത്രങ്ങളും ചൈനീസ് മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഉള്ളിക്കൂമ്പാരത്തിനു മുന്നില്‍ അന്ധാളിച്ചു നില്‍ക്കുന്ന കാമുകന്റെ ചിത്രമാണത്. സാവോയുടെ ആധിപത്യസ്വഭാവം കാരണമാണ് ഇരുവരും പിരിഞ്ഞതെന്നാണ് കാമുകന്റെ വാദം.
'' എന്റെ മുന്‍കാമുകി വളരെ നാടകീയ സ്വഭാവമുള്ളയാളായിരുന്നു. ഞങ്ങള്‍ പിരിഞ്ഞതിനുശേഷം ഒരുതുള്ളികണ്ണുനീര്‍ പോലും ഞാന്‍ പൊഴിച്ചില്ലെന്നാണ് അവളുടെ ആരോപണം. ഒന്നു കരഞ്ഞില്ലെന്നു കരുതി ഞാന്‍ മോശം പയ്യനാകുമോ?''- കാമുകന്‍ ചോദിക്കുന്നു.
Content Highlights: Woman Sends A Tonne Of Onions To Ex As Revenge