സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടങ്ങിയിട്ടു വർഷങ്ങളായി. നിരവധികാര്യങ്ങൾ നേടിയിട്ടും കടമ്പകൾ അനേകം കടന്നിട്ടും ഇനിയും അവർക്ക് പോകാൻ ദൂരമേറെയുണ്ട്. ഇന്നും സ്ത്രീകളുടെ വിദ്യാഭ്യാസവും ജോലിയും കുടുംബം കുഞ്ഞുങ്ങൾ എന്നിവയുടെ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞു മതിയെന്ന് ചിന്തിക്കുന്നവർ സമൂഹത്തിലേറെയുണ്ട്. എന്നാൽ ചിലർ ഇത്തരം വിലക്കുകളെയെല്ലാം തിരുത്തിക്കുറിക്കുന്നവരാണ്. അതിലൊരാളാണ് മീററ്റ് സ്വദേശിനിയായ സഞ്ജു റാണി വെർമ. തന്റെ സ്വപ്നത്തിനും ജീവിതത്തിനും വേണ്ടി ശക്തമുയർത്തിയവൾ.

ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദ പഠനകാലത്താണ് സഞ്ജുവിന് തന്റെ അമ്മയെ നഷ്ടമായത്. അമ്മയുടെ മരണശേഷം വീട്ടുകാർ അവളെ വിവാഹത്തിന് നിർബന്ധിച്ചു തുടങ്ങി. അതോടെ അവളുടെ വിദ്യാഭ്യാസം എന്നത് ഒരു പ്രധാന കാര്യമേ അല്ലാതായി. തനിക്ക് പഠിക്കണമെന്നും കരിയറിൽ ഉയരണമെന്നുമുള്ള ആഗ്രഹങ്ങൾ സഞ്ജു കുടുംബത്തെ മനസിലാക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പാഴ്വേലയായിരുന്നു. സഞ്ജുവിന് പഠനം തുടരാൻ പണം നൽകാതിരിക്കാനായി കുടുംബത്തിന്റെ ശ്രമം. ഫീസടക്കാൻ വഴിയില്ലാതെ വന്നാൽ അവൾ പഠിത്തം നിർത്തുമല്ലോ.

എന്നാൽ സഞ്ജു കണ്ടെത്തിയത് മറ്റൊരു വഴിയാണ് വീട് വിടുക. സ്വന്തമായി ഒരു സ്ഥലം വാടകയ്ക്കെടുക്കുക. അതിനും പണം വേണമല്ലോ, സഞ്ജു കുട്ടികൾ്ക്ക് ട്യൂഷനെടുത്തു തുടങ്ങി. ഇതിനൊപ്പം ചില പ്രൈവറ്റ് സ്ഥാപനങ്ങളിൽ പാർട്ട്ടൈമായി പഠിപ്പിക്കാനുള്ള ജോലിയും സഞ്ജുവിന് ലഭിച്ചു. ഇതിനൊപ്പം പബ്ലിക്ക് സർവീസ് കമ്മീഷണർ പരീക്ഷയ്ക്കും സഞ്ജു പഠിച്ചു തുടങ്ങി.

ഏഴുവർഷത്തെ കഠിപ്രയത്നങ്ങൾക്കൊടുവിൽ സഞ്ജു വിജയം കണ്ടെത്തി. ജീവിതത്തിലും, കരിയറിലും. പബ്ലിക്ക് സർവീസ് കമ്മീഷണർ പരീക്ഷ അവൾ പാസായി, കൊമേഷ്യൽ ടാക്സ് ഓഫീസറായി അവൾ ജോലിയും നേടി.

ഇനി സിവിൽ സർവീസാണ് സഞ്ജുവിന്റെ ലക്ഷ്യം. ഒപ്പം തന്റെ കുടുംബത്തിനെ സഹായിക്കണം. തന്റെ നേട്ടത്തെ കുടുംബം അംഗീകരിക്കണമെന്നാണ് സഞ്ജുവിന്റെ സ്വപ്നം. സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതികൾക്കുള്ള ഉത്തരമാണ് അവളുടെ നേട്ടമെന്നാണ് സഞ്ജുവിന്റെ അധ്യാപകർ പറയുന്നത്.

Content Highlights:Woman Ran Away From Home To Avoid Marriage, Returns 7 Years Later As PCS Officer