കരുതലോടെ മാത്രം സമീപിക്കേണ്ട മേഖലയാണ് പാമ്പുപിടുത്തം. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അപകടം സുനിശ്ചിതമാണ്. വീട്ടിലേക്ക് കയറിവന്ന പാമ്പിനെ അരുമയോടെ കൈകാര്യം ചെയ്ത് പുറത്തേക്ക് വിടുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

വീട്ടുവളപ്പിലേക്ക് കയറിയ കുഞ്ഞൻ മൂർഖനെ പുറത്തേക്ക് വിടുന്ന സ്ത്രീയാണ് വീഡിയോയിലുള്ളത്. കുഞ്ഞുങ്ങളോട് സംസാരിക്കുന്നതുപോലെയാണ് അവർ പാമ്പിനോടും സംസാരിക്കുന്നതെന്ന് കാണാം. ഒരു വടിയുപയോ​ഗിച്ച് പാമ്പിന് വഴികാട്ടുകയും ഉറപ്പായും പിന്നീടൊരിക്കൽ കാണാമെന്നും അപ്പോൾ പാൽ നൽകാമെന്ന് പറയുകയും ചെയ്യുന്നുണ്ട്. 

വീട്ടിലേക്ക് ഇനി വരരുതെന്നും പാമ്പിന്റെ സുരക്ഷയ്ക്കായി മനുഷ്യ വാസമുള്ള സ്ഥലത്തേക്ക് ഇനി വരരുതെന്നും പറയുന്നതു കേൾക്കാം. കുഞ്ഞുങ്ങളെപ്പോലെ കരുതലോടെ പാമ്പിനെ കൈകാര്യം ചെയ്ത സ്ത്രീയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. 

പാമ്പിനെ കാണുമ്പോഴേക്കും തല്ലിക്കൊല്ലാനൊരുങ്ങുന്നവർ കണ്ടുപഠിക്കേണ്ടതാണ് ഇവരെയെന്നും ഇത്ര കരുതൽ നൽകിയില്ലെങ്കിലും ബന്ധപ്പെട്ട അധികൃതരെ വിളിച്ച് അവയെ കൈമാറുകയെങ്കിലും ചെയ്യണമെന്നുമൊക്കെ പറയുന്നവരുണ്ട്.