ക്കളുടെ വിവാഹത്തിനായി കാത്തിരിക്കുന്ന അമ്മമാരുണ്ട്. അതുപോലെ തന്നെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തനിച്ചാകുന്ന അമ്മയുടെ വിവാഹം നടത്തിക്കൊടുക്കുന്ന മക്കളുമുണ്ട്. എന്നാല്‍ അമ്മയുടേയും മകളുടേയും വിവാഹം ഒരേ പന്തലില്‍ നടന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുർ സ്വദേശികളായ അമ്മയും മകളുമാണ് ഒരേ ദിവസത്തില്‍ പുതുജീവിതത്തിലേയ്ക്ക് പ്രവേശിച്ചത്.

അമ്പത്തിമൂന്നുകാരിയായ ബലി ദേവിയും മകള്‍ ഇരുപത്തിയേഴുകാരി ഇന്ദുവുമാണ് ഒരേ വിവാഹപന്തലില്‍ നിന്ന് വിവാഹിതരായത്. പിപ്രൗലി ബ്ലോക്കില്‍ നടന്ന സമൂഹ വിവാഹത്തിലാണ് ഇരുവരും വിവാഹിതരായത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ബലി ദേവി അവിവാഹിതനായ ഭര്‍തൃസഹോദരനെയാണ് വിവാഹം കഴിച്ചത്. ബലി ദേവിയുടെ ഭര്‍ത്താവിന്റെ ഇളയ സഹോദരനാണ് അമ്പത്തിയഞ്ചുകാരനായ ജഗദീഷ്. 

ഇരുപത്തിയൊമ്പതുകാരനായ രാഹുല്‍ ആണ് ഇന്ദുവിന്റെ ഭര്‍ത്താവ്. അമ്മയുടെ വിവാഹത്തില്‍ മക്കള്‍ക്കാര്‍ക്കും എതിര്‍പ്പില്ലെന്ന് ഇന്ദു പറയുന്നു. തങ്ങളെ ഇത്രയുംകാലം കരുതലോടെ പരിപാലിച്ചവരാണ് അമ്മയും അച്ഛന്റെ സഹോദരനും. ഒടുവില്‍ അവര്‍ തന്നെ പര്‌സ്പരം ഒന്നിച്ച് താങ്ങാകുന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും ഇന്ദു പറയുന്നു. 

ബലിദേവിയുടെ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും നേരത്തേ വിവാഹിതരായിരുന്നു. ഇന്ദുവും വിവാഹിതയാകുന്നതോടെ താന്‍ തനിച്ചാകുമെന്ന് തിരിച്ചറിഞ്ഞാണ് വീണ്ടും വിവാഹിതയാവാന്‍ തീരുമാനിച്ചത്. തന്റെ എല്ലാ മക്കളും വിവാഹത്തില്‍ സന്തുഷ്ടരാണെന്നും ബലി ദേവി പറയുന്നു. 

Content Highlights: Woman, daughter get married at same venue