മുംബൈ: ഉപമുഖ്യമന്ത്രി അജിത്‌ പവാറിന്റെ ഔദ്യോഗിക വാഹനം ഓടിച്ച്‌ വനിതാ കോൺസ്റ്റബിൾ ശ്രദ്ധപിടിച്ചുപറ്റി. അടുത്തയിടെ വി.ഐ.പി. സെക്യൂരിറ്റി ഡ്രൈവിങ്‌ കോഴ്‌സ്‌ പൂർത്തികരിച്ച തൃപ്‌തി മുല്ലിക്‌ ആണ്‌ അജിത്‌ പവാറിന്റെ സാരഥിയായിത്‌.

അജിത്‌ പവാറിന്റെ സിന്ധുദുർഗ്‌ പര്യടനവേളയിൽ കാർ ഓടിച്ചത്‌ അവരായിരുന്നു. മന്ത്രിമാരായ ഉദയ്‌ സാവന്തും സതേജ്‌ പാട്ടീലും വാഹനത്തിലുണ്ടായിരുന്നു. വൈകാതെ തൃപ്തിയുടെ ഡ‍്രൈവിങ് വീഡിയോ വൈറലാവുകയും ചെയ്തു. അജിത് പവാറും വീഡിയോ പങ്കുവെക്കുകയുണ്ടായി.

ഇതോടെ തൃപ്തിയെ അഭിനന്ദിച്ച് മന്ത്രിമാർ ഉൾപ്പെടെ നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. മന്ത്രി സതേജ് പട്ടേലും തൃപ്തിക്ക് അഭിനന്ദനവുമായെത്തി. തൃപ്തിയുടെ ഡ്രൈവിങ് നൈപുണ്യം ചെറുപ്പക്കാരായ സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി വനിതാ കോൺസ്റ്റബിളായി സേവനം അനുഷ്‌ഠിക്കുന്ന തൃപ്‌തി മുല്ലിക്‌ ഡിസംബർ 23-നാണ്‌ പുതിയ ജോലിയിൽ പ്രവേശിച്ചത്‌. കുട്ടിക്കാലം തൊട്ടേ ഡ്രൈവിങ്ങിനോട് പ്രത്യേക താൽപര്യമുണ്ടായിരുന്ന ആളായിരുന്നു തൃപ്തി.

Content Highlights: woman constable driver, ajit pawar, trupti mulik, maharashtra minister, woman driving videos