സര്‍ജറിക്കിടെ കരഞ്ഞാല്‍ ആശുപത്രി അധികൃതര്‍ പണമീടാക്കുമോ? കേട്ടിട്ട് നെറ്റി ചുളിക്കണ്ട. ശരീരത്തിലെ മറുക് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് ആശുപത്രി അധികൃതര്‍ പണമീടാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസ്. സ്വദേശിയായ മിഡ്ജ് എന്ന യുവതി. ആശുപത്രി വിടുമ്പോള്‍ അധികൃതര്‍ നല്‍കിയ ബില്‍ യുവതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.

11 ഡോളറാണ് (ഏകദേശം 815 രൂപ) ഇതിന് ആശുപത്രി ഈടാക്കിയത്. ഡോക്ടറുടെ ഫീസും മറ്റ് സര്‍ജറി സര്‍വീസിനുമൊപ്പം കരഞ്ഞത് 'ബ്രീഫ് ഇമോഷന്‍' എന്ന് രേഖപ്പെടുത്തിയാണ് പണം ഈടാക്കിയിരിക്കുന്നത്. എന്നാല്‍, ആശുപത്രിയുടെ നടപടി അസംബന്ധമാണെന്നും അധിക്ഷേപിക്കുന്നതാണെന്നും യുവതിയുടെ പോസ്റ്റിന് കമന്റായി ആളുകള്‍ അഭിപ്രായപ്പെട്ടു.

യുവതിയുടെ ബില്ലിന് ട്വിറ്ററില്‍ രണ്ട് ലക്ഷത്തിലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്. 
രോഗികളില്‍നിന്ന് പണം ഈടാക്കുന്നതിന് യു.എസിലെ ആശുപത്രികള്‍ സ്വീകരിക്കുന്ന അനേകം വഴികളില്‍ 'ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാ'ണിതെന്ന് ഒരാള്‍ കമന്റു ചെയ്തു. 

'ഇതാണ് യു.എസിലെ ആരോഗ്യസംവിധാനം. ഒരു തവണ സൈക്യാട്രിസ്റ്റിനോട് എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചോദിച്ചതിന് ബില്ലു ലഭിച്ചിരുന്നു'-മറ്റൊരാള്‍ കമന്റു ചെയ്തു.

Content highlights: woman claims she was charged for crying during surgery in viral tweet