കല്പറ്റ: ഭര്‍ത്താവ് നിയമപരമല്ലാതെ വിവാഹബന്ധമൊഴിയുമ്പോഴും പുനര്‍വിവാഹിതനാകുമ്പോഴും അര്‍ഹമായ നിയമനടപടികള്‍ക്കുപോലും ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ തയ്യാറാവുന്നില്ല. വിവാഹരേഖകളുടെ അഭാവവും നിയമനടപടികളെക്കുറിച്ച് അറിവില്ലാത്തതുമാണ് ഇവര്‍ക്ക് തടസ്സമാകുന്നത്. വിവാഹരേഖകള്‍ കൈവശമില്ലാത്തതാണ് ഇവരില്‍ പലര്‍ക്കും അര്‍ഹമായ സഹായങ്ങള്‍ക്ക് തടസ്സമാവുന്നത്. ഉപേക്ഷിക്കപ്പെട്ട 3000-ത്തിലധികം സ്ത്രീകളില്‍ വിവാഹരേഖയായി രജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ കേവലം ഒരു ശതമാനം മാത്രമാണ്. മതസ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ 35.9 ശതമാനവും ഫോട്ടോ അല്ലെങ്കില്‍ വീഡിയോ കൈവശമുള്ളവര്‍ 1.1 ശതമാനവുമാണ്. 13.6 ശതമാനം മാത്രമാണ് ഏതെങ്കിലും നിയമനടപടികള്‍ക്ക് മുതിര്‍ന്നത്. കോടതിവിധി പ്രകാരം കേവലം 0.5 ശതമാനം പേര്‍ക്ക് മാത്രമാണ് ജീവനാംശം ലഭിക്കുന്നത്.

Read More: നിയമപരമല്ലാത്ത വേര്‍പിരിയല്‍ വയനാട്ടില്‍ തനിച്ചായത് 3000 സ്ത്രീകള്‍

കോടതിനിര്‍ദേശം വന്നയുടനെ ജീവനാംശം ലഭിച്ചാലും പിന്നീട് മുടങ്ങുന്നത് പതിവാണെന്നും ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ പരാതിപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട ഓരോ ഭാര്യക്കും ശരാശരി രണ്ട് കുട്ടികള്‍ വീതമുണ്ട്. കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സാണ്. ഇതില്‍ 40.8 ശതമാനം കുട്ടികളും വിദ്യാര്‍ഥികളാണ്. ഇതില്‍ 96.6 ശതമാനം കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനായി യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. വിദ്യാഭ്യാസയോഗ്യതയില്ലാത്തതിനാല്‍ നല്ല ജോലികളും ലഭിക്കില്ല. പ്രീഡിഗ്രി/ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളത് കേവലം ആറ് ശതമാനത്തിനാണ്. അതിന് മുകളില്‍ വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ 0.6 ശതമാനവും. അതിനാല്‍ത്തന്നെ നല്ലൊരു ജോലിയും അതുവഴിയുള്ള സാമ്പത്തിക സ്വാശ്രയത്വവും ഇവര്‍ക്ക് സ്വപ്നമായി അവശേഷിക്കും.

സന്നദ്ധസംഘടനയായ ജ്വാല നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേരും ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. കൃഷിപ്പണി, വീട്ടുപണി, ഹോംനഴ്സിങ്, സെയില്‍സ് ഗേള്‍സ്, തോട്ടംമേഖല എന്നിവിടങ്ങളിലാണ് ഇവരെല്ലാം ജോലിചെയ്യുന്നത്. 79 ശതമാനത്തിനും മാസം 1000 രൂപ മാത്രമാണ് സ്ഥിരവരുമാനമായി ലഭിക്കുന്നത്. 54.3 ശതമാനം പേര്‍ക്കും സ്വന്തമായി ഭൂമിയില്ല. സര്‍വേയില്‍ പങ്കെടുത്ത 53.1 ശതമാനത്തിനും യാതൊരുവിധ പെന്‍ഷനും ലഭിക്കുന്നില്ല. ഉപേക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ പെന്‍ഷന് അര്‍ഹതയുള്ളൂ എന്ന മാനദണ്ഡമാണ് ഇവര്‍ക്ക് പ്രയാസമാകുന്നത്.

wife abandonment

ഉപേക്ഷിക്കപ്പെട്ടവരില്‍ 53 ശതമാനം പേര്‍ മുസ്ലിം മതത്തില്‍പ്പെട്ടവരും 41 ശതമാനം പേര്‍ ഹിന്ദുക്കളും ആറ് ശതമാനം പേര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരുമാണ്. തങ്ങള്‍ക്ക് സഹായമെത്തിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ഭര്‍ത്താവിന്റെ പുനര്‍വിവാഹത്തിനുവേണ്ട ഒത്താശകളും മതനേതൃത്വങ്ങള്‍തന്നെ ചെയ്തുനല്‍കുന്നെന്നും ഇവര്‍ ആരോപിക്കുന്നു. ഇവരില്‍ പലരും വാര്‍ധക്യത്തിലെത്തുന്നതോടെ തീര്‍ത്തും ഒറ്റപ്പെടുകയാണ്. കിടപ്പുരോഗികള്‍, നിത്യരോഗികള്‍ എന്നിവര്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നു. ഇവരെ പരിഗണിച്ചുകൊണ്ടുള്ള പ്രത്യേക പദ്ധതികള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും ആവശ്യം.

എല്ലാ നിയമസഹായങ്ങളും നല്‍കും

ഭര്‍ത്താവ് നിയമപരമല്ലാതെ വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്ക് എല്ലാവിധ നിയമസഹായങ്ങളും നല്‍കും. അഭിഭാഷകനെ നിയമിക്കുന്നതും മറ്റ് നിയമവശങ്ങളിലെ സഹായവും നല്‍കും. വിധിയായ കേസുകളില്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കും. സ്ത്രീകള്‍ക്കായി പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കും. കൂടാതെ കുട്ടികള്‍ക്ക് പഠനസഹായം ഉറപ്പിക്കുന്നതിനായി നിലവിലുള്ള പദ്ധതികള്‍ ഊര്‍ജിതമാക്കാനുള്ള നിര്‍ദേശങ്ങളും നല്‍കും.

- കെ.പി. സുനിത, സബ് ജഡ്ജ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി

Content Highlights: Wife abandonment