കല്പറ്റ : ''എനിക്ക് നാലും അനിയന് രണ്ടും വയസ്സുള്ളപ്പോള്‍ ഉപ്പ ഉമ്മച്ചിയെ വിട്ടു വേറെ പെണ്ണുകെട്ടി. സ്‌കൂളില്‍ ആയയായി പണിയെടുത്താ ഉമ്മ ഞങ്ങളെ നോക്കിയത്, ഇപ്പോ സ്‌കൂള്‍ പൂട്ടിപ്പോയി. സഹായം എന്തെങ്കിലും കിട്ടുമോന്ന് അറിയാന്‍ വന്നതാ''- നഗരസഭാ ടൗണ്‍ഹാളിലെ നിറഞ്ഞ സദസ്സിലേക്കും മുറ്റത്ത് രജിസ്ട്രേഷന് കാത്തുനിന്ന സ്ത്രീകളെയും നോക്കി പതിന്നാലുകാരി പറഞ്ഞു.

കഴിഞ്ഞദിവസം ലീഗല്‍ സര്‍വീസ് സൊസൈറ്റിയും സന്നദ്ധസംഘടനയും ചേര്‍ന്ന് കല്പറ്റയില്‍ നടത്തിയ നിയമപരമല്ലാതെ ഭര്‍ത്താവ് ഉപേക്ഷിച്ചവരുടെ കൂട്ടായ്മയ്ക്ക് എത്തിയതായിരുന്നു പതിന്നാലുകാരിയും ഉമ്മയും. അവളുടെ ഉമ്മയെപ്പോലെ നിയമപരമല്ലാതെ വിവാഹബന്ധത്തില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട മൂവായിരത്തിലധികം സ്ത്രീകളാണ് ജില്ലയിലുള്ളത്. സാമൂഹികമായി അവഹേളനം സഹിച്ചുകൊണ്ട് നിയമസഹായംപോലും ലഭിക്കാതെ ദുരിതജീവിതം നയിക്കുന്നവര്‍.

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയെന്നത് സ്ത്രീകളുടെതന്നെ കുറ്റമായി വിലയിരുത്തുകയും അവരുടെ സാമൂഹികപദവി ഇല്ലാതാവുകയും ചെയ്യുന്നതാണ് ഇവര്‍ നേരിടുന്ന ആദ്യപ്രതിസന്ധി. നിയമവശങ്ങള്‍ പാലിക്കാതെ പുരുഷന്‍ വിവാഹബന്ധം ഉപേക്ഷിക്കുകയും പുനര്‍വിവാഹിതനാവുകയും ചെയ്യുമ്പോഴും സ്ത്രീക്ക് അടുത്തബന്ധുക്കളില്‍നിന്നുള്‍പ്പടെ അവഹേളനം സഹിക്കേണ്ടി വരുന്നു.

സന്നദ്ധസംഘടന 'ജ്വാല' നടത്തിയ പഠനത്തില്‍ ജില്ലയില്‍ മൂവായിരത്തിലേറെ സ്ത്രീകള്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടു. 1800 പേരില്‍നിന്നാണ് ജ്വാല വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ ഭൂരിപക്ഷംപേരും അവരുടെ ജീവിതത്തിലെ യൗവനകാലത്തുതന്നെ ഉപേക്ഷിക്കപ്പെട്ടു. ഇതില്‍ 20 ശതമാനംപേര്‍ 18 വയസ്സ് പൂര്‍ത്തിയാവുന്നതിനുമുമ്പാണ് വിവാഹിതരായി. 53 ശതമാനംപേര്‍ 20 വയസ്സിനുമുമ്പും. 76.4 ശതമാനവും സ്ത്രീധനം നല്‍കി. ഉപേക്ഷിച്ചപ്പോഴോ അതിനുശേഷമോ സ്ത്രീധനം തിരികെ ലഭിച്ചത് 4.6 ശതമാനത്തിന് മാത്രം.

സാമ്പത്തികം ആദ്യപ്രശ്‌നം

സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടതാണ് സ്ത്രീകള്‍ നേരിടുന്ന വലിയവെല്ലുവിളി. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഉള്‍പ്പടെയുള്ളവ നേരിടണം. വിദ്യാഭ്യാസപരമായി പിന്നാക്കംനില്‍ക്കുന്നവരാണ് ഉപേക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. പഠനത്തിനിടെ ഉപേക്ഷിക്കപ്പെട്ടവരായി കണ്ടെത്തിയവരില്‍ 13 ശതമാനംപേരും വരുമാനമില്ലാത്തവരായിരുന്നു.

സമഗ്രനിയമം വേണം

സാമൂഹികമായും മാനസികമായും ഈ സ്ത്രീകള്‍ ഒറ്റപ്പെടുകയാണ്. കിടപ്പുരോഗികള്‍, നിത്യരോഗികള്‍, വാര്‍ധക്യത്തിലെത്തിയവര്‍ എന്നിവര്‍ കൂടുതല്‍ യാതനകള്‍ അനുഭവിക്കുന്നു. ഭാര്യമാരെ ഉപേക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായികണ്ട് ഇവരുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാവുന്ന രീതിയില്‍ സമഗ്രനിയമം കൊണ്ടുവരണം.

- സി.കെ. ദിനേശന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ജ്വാല

Content Highlights: wife abandonment