ലുധിയാനയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ ഷോപ്പിന്റെ ചിത്രമാണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒറ്റനോട്ടത്തില്‍ പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണ മെഡിക്കല്‍ ഷോപ്പാണെങ്കിലും മുകളിലെ ബോര്‍ഡിലേക്കു നോക്കുമ്പോഴാണ് എന്തുകൊണ്ടാണ് ഈ ചിത്രം വൈറലാകുന്നതെന്ന് മനസ്സിലാവുക. മറ്റൊന്നുമല്ല ഈ മെഡിക്കല്‍ ഷോപ്പിന്റെ പേര് 'ഗുപ്ത ആന്‍ഡ് ഡോട്ടേഴ്‌സ്' എന്നാണ്. 

ഡോ.അമന്‍ കശ്യപ് ആണ് വ്യത്യസ്തമാര്‍ന്ന ഈ നെയിംബോര്‍ഡിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. സാധാരണയായി അച്ഛന്റെ പേരിനൊപ്പം 'സണ്‍സ്' എന്നു നല്‍കി ആണ്‍മക്കളെയാണ് കൂട്ടാറുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായി ഗുപ്തയും പെണ്‍മക്കളും എന്നു നല്‍കിയതാണ് വൈറലാകാന്‍ കാരണം. 

സ്റ്റീരിയോടൈപ്പുകളെ കാറ്റില്‍പ്പറത്തിയ അച്ഛനും പെണ്‍മക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു അമന്‍. '' ഗുപ്ത ആന്‍ഡ് ഡോട്ടേഴ്‌സ്. ആണ്‍മക്കളുടെ പേരില്‍ തുറന്നിരിക്കുന്ന മറ്റെല്ലാ കടകളില്‍ നിന്നും വ്യത്യസ്തമായി ലുധിയാനയില്‍ പെണ്‍മക്കളെ പേരില്‍ ചേര്‍ത്തൊരു മെഡിക്കല്‍ ഷോപ്പ്. ഈ ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമാകൂ''- എന്നാണ് അമന്‍ കുറിച്ചത്.

ട്വീറ്റ് ചെയ്ത് അധികമാവും മുമ്പേ സംഗതി വൈറലാവുകയും ചെയ്തു. മൂവായിരത്തോളം ലൈക്കുകളും അറുനൂറില്‍പരം റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചു. സ്ത്രീശാക്തീകരണത്തിന്റെ തുടക്കം സ്വന്തം വീടുകളില്‍ നിന്നുതന്നെയാകട്ടെ എന്നു തെളിയിക്കുകയാണ് ഈ കുടുംബമെന്ന് പലരും കമന്റ് ചെയ്തു. ഇത് മാറ്റത്തിന്റെ യുഗമാവട്ടെയെന്നും ലിംഗവിവേചനമില്ലാതെ പെണ്‍കുട്ടികളുടെ പേരുകളും കൂടുതല്‍ ഉയര്‍ന്നു വരട്ടെയെന്നുമൊക്കെ പോകുന്നു കമന്റുകള്‍. 

Content Highlights: Why This Medical Shop Signboard, Spotted In Ludhiana, Is Viral