ര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ഗ്രേറ്റ ത്യുന്‍ബേയുടെ 'ടൂള്‍കിറ്റ്' പ്രചാരണത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത മലയാളി അഭിഭാഷക നികിത ജേക്കബ് ആരാണെന്ന അന്വേഷണത്തിലാണു എല്ലാവരും. മുപ്പതു വയസ്സുകാരിയായ നികിത ഏഴ് വര്‍ഷമായി അഭിഭാഷകയായി ജോലിനോക്കുകയാണ്. ഒരു എന്‍.ജി.ഒയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്നതല്ലാതെ ഇവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളതായി ആര്‍ക്കും അറിവില്ല. 

പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബെ പോസ്റ്റ് ചെയ്ത 'ടൂള്‍കിറ്റുമായി ബന്ധപ്പെട്ടാണ്  ആക്ടിവിസ്റ്റായ ദിഷ രവി, നികിത എന്നിവരെ കസ്റ്റഡിയിലെടുത്തത് എന്നാണ് ഡല്‍ഹി പോലീസിന്റെ വാദം. ദിഷയുടേതു പോലെ തന്നെ  നികിതയുടെയും ഖലിസ്ഥാന്‍ ബന്ധം ആവര്‍ത്തിക്കുകയാണ് പോലീസ്. മുംബൈ ഹൈക്കോടതി ഇപ്പോള്‍ നികിതയ്ക്ക് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. 

ആരാണ് നികിത?

പുണെയിലെ ഐഎല്‍എസ് ലോ കോളജില്‍നിന്നു ബിരുദം നേടിയ നികിത, സിവില്‍ കേസുകള്‍ മാത്രമാണു കൈകാര്യം ചെയ്തിരുന്നത്. ഈ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാനാവാത്തതാണെന്നും നികിതയോടൊപ്പം ജോലി ചെയ്ത മുതിര്‍ന്ന അഭിഭാഷകനായ ഗിരീഷ് ഗോഡ്‌ബോലെ പറഞ്ഞു. 'ഏകദേശം മൂന്ന് വര്‍ഷത്തോളം നികിത എന്റെ ജൂനിയറായി ജോലി ചെയ്തു. ജോലിയില്‍ മിടുക്കിയായിരുന്നു. എപ്പോഴെങ്കിലും ഒരു ക്രിമിനല്‍ കേസ് അവള്‍ തന്നെ നേരിടേണ്ടി വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല.' ഗോഡ്‌ബോലെ പറയുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായും നികിത ജോലി ചെയ്തിരുന്നു. ഒപ്പം ബോംബെ ഹൈക്കോടതിയില്‍ സിവില്‍ വാണിജ്യ കേസുകളും നികിത കൈകാര്യം ചെയ്തിരുന്നതായാണ് വിവരങ്ങള്‍.

നികിതയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണു ഡല്‍ഹി പൊലീസിന്റെ അവകാശവാദം. എന്നാല്‍ നികിതയെ അറിയില്ലെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ വക്താവ് പ്രീതി ശര്‍മ മേനോന്‍ പ്രതികരിച്ചു. 

നികിതയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടുള്ള താല്‍പ്പര്യത്തെക്കുറിച്ച് ഐഎല്‍എസ് ലോ കോളജിലെ സഹപാഠികളില്‍ ആര്‍ക്കും തന്നെ അറിവില്ല. 

ഡല്‍ഹി സൈബര്‍ സെല്‍ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി നികിതയുടെ സമൂഹമാധ്യമ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അടുത്തിടെ നികിത പരാതിപ്പെട്ടിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നുണ്ട്.

Content Highlights: Who is Nikita Jacob lawyer allegedly involved 'toolkit' case