സ്വന്തം വീടും പരിസരവും വൃത്തിയാക്കാൻ നമുക്ക് വലിയ ഉത്സാഹമാണ്.എന്നാൽ ഇവ റോഡിലേക്ക് വലിച്ചെറിയുന്നതിൽ തീരുന്നു നമ്മുടെ മാലിന്യസംസ്ക്കരണം. തെരുവിലേക്ക് നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിച്ച് അവിടം വൃത്തിയാക്കുന്നവരെക്കുറിച്ച് ഓർക്കാറുണ്ടോ? തെരുവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഒരു സ്ത്രീ ഹ്യുമൻസ് ഓഫ് ബോംബെയുമായി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് വായിക്കാം.

ഞാൻ എന്റെ പത്താം വയസ്സിൽ തുടങ്ങിയതാണ് മാലിന്യങ്ങൾ ശേഖരിക്കുന്ന ജോലി. എല്ലാദിവസവും ഞാൻ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച്മാറ്റിവെക്കുന്നുണ്ട്. ഒരു ദിവസം ഞാൻ ശേഖരിക്കുന്ന മാലിന്യമെന്താണോ അതിന് അനുസരിച്ചാണ് എന്റെ വരുമാനം. അതിനാൽ തന്നെ ഒരു ദിവസം നിശ്ചിത വരുമാനം എനിക്കില്ല. പെൻഷനും ഇല്ല. എങ്കിലും ഈ ജോലി വിടുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല.

ആഴ്ചയിൽ ഏഴുദിവസവും വർഷത്തിൽ 365 ദിവസവും ഞാൻ ജോലി ചെയ്യുന്നുണ്ട്. ഉത്സവകാലത്തെല്ലാം എല്ലാവരും പുത്തൻ വസ്ത്രങ്ങൾ ധരിച്ച് ആഘോഷിക്കുമ്പോൾ ഞാൻ മാലിന്യ കൂമ്പാരത്തിനൊപ്പം തന്നെയായിരിക്കും ഇരിക്കുന്നുണ്ടാവുക.

എനിക്ക് വേണ്ടത് ഒരു നന്ദി വാക്ക് മാത്രമാണ്. നിങ്ങൾ തെരുവിലേക്ക് മാലിന്യം വലിച്ചെറിയുമ്പോൾ ഒരു കാര്യം മാത്രം ചിന്തിക്കണം. നിങ്ങൾ വലിച്ചെറിഞ്ഞ ആ മാലിന്യങ്ങൾ തെരുവിൽ നിന്നും അപ്രത്യക്ഷമാവുന്നില്ല. നിങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ചങ്ങലയിലെ അവസാനത്തെ ആളും നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. നിങ്ങൾ വലിച്ചെറിഞ്ഞ, പൊട്ടിത്തകർന്ന ചില്ലുകൾ കൊണ്ട് എന്റെ കൈകൾക്ക് മുറിവേറ്റിട്ടുണ്ട്. നിങ്ങൾ വലിച്ചെറിഞ്ഞ, ആർത്തവരക്തം പുരണ്ട നാപ്കിനുകളിൽ നിന്ന് എന്റെ കൈകളിലും പുരണ്ടിട്ടുണ്ട്. എനിക്ക് പരാതിയില്ല, എനിക്ക് പറയാനുള്ളത് ഇത്രമാത്രം; അടുത്ത തവണ ഇത് ചെയ്യുമ്പോൾ ഒന്നുകൂടി ആലോചിക്കണം. അതുമാത്രമാണ് എനിക്ക് പറയാനുള്ളത്.

Content Highlights:Where the waste you throw away goes a garbage collector woman shares her experience,Women