"ഞാന്‍ തടങ്കലിലായിരുന്നു, നിര്‍ബന്ധിച്ച് നീലച്ചിത്രം കാണിച്ചു, ആറുമാസത്തോളം പീഡിപ്പിക്കുകയും ചെയ്തു- സുരക്ഷിതമെന്നു കരുതി താമസിക്കുന്ന ഹോസ്റ്റലിലെ ഡയറക്ടര്‍ അശ്വിനി കുമാറില്‍ നിന്നുണ്ടായ ദുരനുഭവം വ്യക്തമാക്കുന്ന വാക്കുകളാണിത്. ഭോപ്പാലിലെ സ്വകാര്യ ഹോസ്റ്റലിലെ ഡയറക്ടര്‍ക്കെതിരേ പരാതിയുമായെത്തിയ നാലാമത്തെ യുവതിയാണ് താന്‍ നേരിട്ട പീഡനങ്ങള്‍ ഇന്‍ഡോര്‍ പോലീസിനോട് പങ്കുവച്ചത്. 

ഡയറക്ടറുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതിനാൽ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. മറ്റു പെണ്‍കുട്ടികളെയും അശ്വനി കുമാര്‍ പീഡിപ്പിക്കുന്നത് കണ്ടിരുന്നുവെങ്കിലും ഭയംമൂലം ആരും സഹായം അഭ്യര്‍ഥിച്ചിരുന്നില്ല-പെൺകുട്ടി പറഞ്ഞു. ധര്‍ ജില്ലക്കാരിയായ ഇരുപത്തിമൂന്നുകാരിയെ മറ്റു മൂന്നു യുവതികള്‍ക്കൊപ്പമാണ് അശ്വനി കുമാര്‍ തടവിലാക്കിയിരുന്നത്.

അതേസമയം അശ്വനി ശര്‍മയ്ക്കു ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള വൈകാരികമായ വിഷയത്തെ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. 

കഴിഞ്ഞയാഴ്ച്ച ഇരുപതുകാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടി അശ്വനി കുമാറിനെതിരേ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഭോപ്പാല്‍ ഹോസ്റ്റലിലെ പീഡന വിവരങ്ങള്‍ പുറത്തുവരുന്നത്. 2017 സെപ്തംബര്‍ മുതല്‍ 2018 ഫെബ്രുവരി തന്നെ ഹോസ്റ്റലില്‍ വച്ചു പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. 

രണ്ടുദിവസത്തിനകം മറ്റു രണ്ടു പെണ്‍കുട്ടികളും ഡയറക്ടര്‍ക്കെതിരേ പരാതിയുമായി മുന്നോട്ടുവന്നു. ബലാൽസംഗം, ഭീഷണിപ്പെടുത്തല്‍, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇക്കഴിഞ്ഞ ബുധനാഴ്ച്ച അശ്വനി ശര്‍മയെ അറസ്റ്റ് ചെയ്തിരുന്നു. 

അതിനിടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഇരുപത്തിയൊന്നു പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്. പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് അശ്വനി കുമാറിനെതിരേ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. 

വിഷയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വനിതാ ഹോസ്റ്റലുകളില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

Content Highlights: Was forced to watch porn  complaint against bhopal hostel director