മേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കമല ഹാരിസ്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ, ആദ്യ ഏഷ്യൻ വംശജ തുടങ്ങിയ പദവികളും കമലയ്ക്ക് സ്വന്തം. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കമലയാണ് വോ​ഗിന്റെ ഫെബ്രുവരി പതിപ്പിലെ മുഖചിത്രമായത്. എന്നാൽ ചിത്രങ്ങളിലൊന്നിന് സമൂഹമാധ്യമത്തിൽ വൻവിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വോ​ഗ് എഡിറ്റർ അന്നാ വിന്റർ. 

ഞായറാഴ്ച്ചയാണ് ഫെബ്രുവരി പതിപ്പിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ വോ​ഗ് പങ്കുവച്ചത്. എന്നാൽ ചിത്രങ്ങളിലൊന്ന് വോ​ഗിന്റെ നിലവാരം പുലർത്തിയില്ലെന്നും കമലയുടെ പദവിക്ക് ചേർന്ന കവർ ഫോട്ടോ ആയിരുന്നില്ലെന്നും ആവശ്യത്തിലധികം വെളുപ്പിച്ചുവെന്നുമൊക്കെയായിരുന്നു ആരോപണങ്ങൾ. 2018ൽ വോ​ഗിനുവേണ്ടി ​ഗായിക ബിയോൺസിനെ ഷൂട്ട് ചെയ്ത ആദ്യകറുത്ത വർ​ഗക്കാരിയായ ഫോട്ടോ​ഗ്രാഫർ ടെയ്ലർ മിച്ചെൽ ആയിരുന്നു കമലയുടെ ചിത്രവും എടുത്തത്. ഔപചാരികളില്ലാതെ കമലയുടെ ലാളിത്യം പകരുന്ന ചിത്രം തന്നെ കവർഫോട്ടോയാക്കാനും അധികൃതർ തീരുമാനിച്ചു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാളധികം വിമർശനങ്ങളാണ് ചിത്രം നേരിട്ടത്. 

വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കമലയുടെ വിജയത്തിന്റെ പ്രാധാന്യത്തെ കുറച്ചുകാണുക എന്ന ഉദ്ദേശമേ ഉണ്ടായിട്ടില്ല. കമലയുടെ വിജയവും അമേരിക്കയുടെ ചരിത്രത്തിലെ പ്രധാനനിമിഷവും ആഘോഷിക്കുക എന്നുമാത്രമേ കരുതിയിരുന്നുള്ളു. ചിത്രം വൈറലാവുന്നതിന് മുമ്പ് ആകർഷകവും ശാന്തവുമായ കവർഫോട്ടോ എന്നാണ് കരുതിയിരുന്നത്. ചിത്രം ആരു‌ടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചുവെങ്കിൽ പൂർണ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നുവെന്ന് വിന്റർ പറഞ്ഞു. 

പച്ചനിറമുള്ള പശ്ചാത്തലത്തിൽ അലസമായിട്ടിരിക്കുന്ന പിങ്ക് തിരശ്ശീലയ്ക്ക് മുന്നിൽ നിന്നുള്ള ചിത്രമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.  എസ്പ്രസോ നിറത്തിലുള്ള ബ്ലേസറും കറുപ്പ് പാന്റ്സും സ്നീക്കേഴ്സും ആണ് കമല ധരിച്ചിരുന്നത്. അതിരാവിലെയിരുന്ന് ത‌ട്ടിക്കൂട്ടി ഹോംവർക് പൂർത്തിയാക്കിയ കുട്ടിയെപ്പോലെയാണ് വോ​ഗിന്റെ ആ കവർചിത്രമെന്നാണ് പലരും കമന്റ് ചെയ്തത്. മനോഹരമായി ഒരുക്കാവുന്ന പശ്ചാത്തലം തീർത്തും അലസമായി കിടക്കുകയാണെന്നും കമലയുടെ പോസ് ഒട്ടും സുഖകരമായി തോന്നുന്നില്ലെന്നും ഫോട്ടോയുടെ ആം​ഗിളും ലൈറ്റിങ് ചെയ്തതും ഒട്ടും ശരിയായിട്ടില്ലെന്നുമൊക്കെ പോകുന്നു കമന്റുകൾ. ‌

നീലനിറത്തിലുള്ള സ്യൂ‌ട്ട് ധരിച്ചു നിൽക്കുന്ന ചിത്രമാണ് കവർ ചിത്രമായി വരിക എന്നാണ് അറിയിച്ചിരുന്നതെന്നും വിമർശനങ്ങൾക്കിരയായ ചിത്രത്തിന്റെ കാര്യത്തിൽ അറിവില്ലായിരുന്നുവെന്നുാമണ് വിഷയത്തിൽ കമലയുടെ ടീം പ്രതികരിച്ചത്. എന്നാൽ ഇരുചിത്രങ്ങളും മനോഹരമാണെന്നും അവ രണ്ടും കമലയുടെ ടീം പരിശോധിച്ച് ഉറപ്പുവരുത്തിയവ ആണെന്നുമാണ് വോ​ഗ് അധികൃതരുടെ വാദം.

Content Highlights: Vogue's Anna Wintour defends controversial Kamala Harris cover