മീൻമണം ആരോപിച്ച് വയോധികയെ ബസ്സിൽനിന്ന് ഇറക്കിവിട്ട ഡ്രൈവർക്കും കണ്ടക്ടർക്കും രൂക്ഷവിമർശനം. കന്യാകുമാരിയിലെ വാണിയക്കുടിയിൽ നിന്നാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. മീൻവിൽപനക്കാരിയായ സെൽവമാരിയെയാണ് സർക്കാർ ബസിൽ നിന്നിറക്കിവിട്ടത്. 

കുളച്ചൽ ബസ് സ്റ്റാൻഡിൽനിന്നു കയറിയ സെൽവമാരിയെ നിർബന്ധിച്ച് കണ്ടക്ടർ ഇറക്കിവിടുകയായിരുന്നു. അപഹാസ്യയായതിൽ മനംനൊന്ത് സെൽവമാരി ബസ് സ്റ്റേഷനിൽനിന്ന് ഉറക്കെ കരയുന്ന വീഡിയോ വൈറലാവുകയും ചെയ്തു. വൈകാതെ വീഡിയോ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെ ഉള്ളവർ കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ രൂക്ഷ വിമർശനവുമായി എത്തുകയും ചെയ്തു. 

കണ്ടക്ടർക്കും ഡ്രൈവർക്കുമൊപ്പം വയോധികയുടെ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന ടൈംകീപ്പറെയും ജോലിയിൽനിന്ന് പുറത്താക്കി. സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. 

സ്ത്രീകളുടെ ഉന്നമനത്തിനായി സൗജന്യയാത്ര ഉൾപ്പെടെ നടപ്പിലാക്കുന്ന കാലത്ത് പ്രസ്തുത കണ്ടക്ടറുടെ നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും തുല്യരാണെന്ന വിശാലമായ ചിന്താ​ഗതിയോടെ എല്ലാവരും പ്രവർത്തിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Content Highlights: viral video of woman forced to deboard bus over fish odour