ണ്ടുവട്ടം അബോര്‍ഷന്‍, മെലിഞ്ഞതിന്റെ പേരില്‍ ബോഡി ഷെയ്മിങ്. മാതൃത്വത്തിന്റെ വേദനകളെയും സൗന്ദര്യത്തെയും അധിക്ഷേപിച്ചവര്‍ അറിയണം ഈ കഥകളൊക്കെയും.  തിരുവനന്തപുരം വെള്ളറട സ്വദേശിയായ വിനീതിന്റെ ഭാര്യ ആര്യയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ചത്.  വൈറലായ ആ ഫോട്ടോഷൂട്ടിന് പിന്നിലുള്ള കഥ പറയുകയാണ് വിനീത്.

രണ്ട് തവണ അബോര്‍ഷന്‍, വേദനകള്‍ നിറഞ്ഞ കാത്തിരിപ്പ്

2018- ലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇതിനുമുമ്പ് രണ്ട് തവണ അബോര്‍ഷനായിട്ടുണ്ട്. ആദ്യത്തെ അബോര്‍ഷന്‍ നാലാം മാസത്തിലായിരുന്നു. ആദ്യ മൂന്നുമാസങ്ങളിലൊന്നും കുഴപ്പങ്ങള്‍ കണ്ടിരുന്നില്ല. നാലാം മാസത്തെ ചെക്കപ്പിലാണ് പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടത്. കുഞ്ഞിന് കുഴപ്പങ്ങളുണ്ടെന്ന് കണ്ട് ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം അബോര്‍ഷന്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ചികിത്സകള്‍ക്ക് ശേഷം ആറുമാസങ്ങള്‍ കഴിഞ്ഞ് വീണ്ടും കുഞ്ഞിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. തുടര്‍ന്ന് ഗര്‍ഭിണി ആയപ്പോള്‍ മുതല്‍ വലിയ ശ്രദ്ധ നല്‍കിയിരുന്നു. മൂന്നാം മാസത്തെ ചെക്കപ്പിലാണ് കുഞ്ഞ് മരിച്ചതായി മനസിലാക്കിയത്. മൂന്ന് ആഴ്ചയ്ക്ക് മുമ്പ് അബോര്‍ഷന്‍ നടന്നിരുന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

arya 3

അടുപ്പിച്ച് രണ്ടുതവണ ഇങ്ങനെ സംഭവിച്ചതുകൊണ്ട് മൂന്നാമത്തെ പ്രഗ്നന്‍സിക്കായി ഒരുവര്‍ഷത്തോളം കാത്തിരുന്നു. മൂന്നാമത്‌ ഗര്‍ഭിണി ആയപ്പോഴും ആറുമാസം വരെ വലിയ ടെന്‍ഷനായിരുന്നു ഞങ്ങള്‍ക്ക്. അത്രയും നാള്‍ വീടിനുള്ളില്‍ തന്നെ കഴിയുന്നതിന്റെ സമ്മര്‍ദ്ദങ്ങള്‍ ഒക്കെ കടന്നുപോവുക എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷെ അത് അവരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ മൂന്നാമത്തെ തവണ ഞങ്ങള്‍ അതീവ ശ്രദ്ധയായിരുന്നു നല്‍കിയിരുന്നത്.  

എട്ടുമാസത്തോളം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വലിയൊരു പരീക്ഷണ കാലം കടന്നുവെന്ന് കണ്ടപ്പോളാണ് ഞങ്ങള്‍ ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്യുന്നത്. രേഷ്മ മോഹനാണ് ആര്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ ഇട്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ അറിഞ്ഞിരുന്നു. എന്നിരുന്നാലും ഞങ്ങളുടെ ഇഷ്ടവും സന്തോഷമാണല്ലോ പ്രധാനം. അതീവ ശ്രദ്ധയോടെയും കരുതലുമെടുത്തായിരുന്നു ഓരോ ചിത്രങ്ങളുമെടുത്തത്. ഇതിനുവേണ്ടി മാത്രമാണ് ആര്യ അന്ന് വീടിന് പുറത്തിറങ്ങിയത്. ചിങ്ങം ഒന്നിനായിരുന്നു കാത്തിരിപ്പിനും സങ്കടങ്ങള്‍ക്കും വേദനകള്‍ക്കും അറുതി വരുത്തി അവന്‍ പിറന്നത്. ഇഷാന്‍ കൃഷ് എന്നാണ് മകന്റെ പേര്. 

Arya 4

ബോഡി ഷെയ്മിങ് എന്ന മനോരോഗം

ഒരുപാട് പ്രയാസങ്ങളെ ആര്യ കടന്നുപോയിരുന്നു ഈ സമയമത്രയും കൊണ്ട്. അപ്പോള്‍ അവള്‍ക്ക് സന്തോഷം നല്‍കാനാണ് ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയത്. ശരിക്കും പ്രഗ്നന്‍സിക്ക് മുമ്പുതന്നെ ഇത്തരമൊരു ഫോട്ടോഷൂട്ട് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നതാണ്. എന്നാല്‍ ആര്യയുടെ മെലിഞ്ഞ ശരീര പ്രകൃതിയെ പരിഹസിച്ചവരാണ് അധികവും ഉണ്ടായത്. സ്വതവെ മെലിഞ്ഞ ശരീരപ്രകൃതിയാണ് ആര്യയുടേത്. പക്ഷെ അതൊക്കെ ആരുടെയും കൈയിലുളള കാര്യങ്ങളല്ലല്ലോ. മെലിഞ്ഞിരിക്കുന്നുവെന്നത് അനാരോഗ്യത്തിന്റെ ലക്ഷണമൊന്നുമല്ല. മൂന്നുമാസമായ സമയത്ത് 41 കിലോയായിരുന്നു ആര്യയുടെ ഭാരം. ഒമ്പതാം മാസം എത്തിയപ്പോള്‍ ഭാരം 59 കിലോ ആയി. 

പക്ഷെ അന്നത്തെ ഫോട്ടോ ഷൂട്ടിലെ പടങ്ങള്‍ കണ്ട് പരിഹസിച്ചവര്‍ നിരവധിയാണ്. ഇതൊക്കെ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. ഇത് കേരളമാണെന്നും ഇങ്ങനെയൊക്കെയെ സംഭവിക്കു എന്നും നമുക്ക് അറിയാം. ഫോട്ടോയ്ക്ക് വന്നതില്‍ 40 ശതമാനവും മോശം കമന്റുകളായിരുന്നു. ഇത്തരം റിസ്‌കെടുത്തതിനെ വിമര്‍ശിച്ചവരായിരുന്നു കുറച്ചുപേര്‍. 

ഗര്‍ഭകാലത്തും ഇത്തരം പരിഹാസങ്ങളൊക്കെ ഉണ്ടായിരുന്നു. മെലിഞ്ഞതിന്റെ പേരിലും വയര്‍ ഇല്ലാതിരുന്നതിന്റെ പേരിലുമൊക്കെ പരിഹാസങ്ങളുണ്ടായിരുന്നു. ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത സമയത്ത് കൂടുതലും വിമര്‍ശനങ്ങളുമായി വന്നത് കടുത്ത യാഥാസ്ഥിക നിലപാടുകള്‍ വെച്ചുപുലര്‍ത്തിയിരുന്നവരായിരുന്നുവെന്നാണ് തോന്നുന്നത്. അതില്‍ മതവ്യത്യാസമൊന്നുമില്ല. അത്തരം ചിന്താഗതികളുള്ള ചിലര്‍ എന്റെ സുഹൃത്തുക്കളെ വിളിച്ച് എന്നെ ഉപദേശിക്കണമെന്ന് പോലും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല എന്നതാണ് അവര്‍ ചിന്തിക്കുന്നത്. 

Arya 5

ഫോട്ടോ സംസ്‌കാര ശൂന്യമാണെന്നാണ് അവര്‍ പറയുന്നത്. അതിനൊപ്പം ബോഡി ഷെയ്മിങ്ങും. ആള്‍ക്കാരുടെ വായടക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും. ഫോട്ടോ കണ്ട് അവള്‍ക്കെന്തെങ്കിലും കഴിക്കാന്‍ വാങ്ങിച്ചുകൊടുക്കെന്ന് പരിഹസിച്ചവര്‍ പോലുമുണ്ട്. 

ഫോട്ടോയില്‍ എന്താണ് മോശമായുള്ളത്?

അതില്‍ വള്‍ഗറായി എന്താണുള്ളത്, അതിടുന്നതുകൊണ്ട് എന്തെങ്കിലും മോശമുണ്ടെന്ന് തോന്നിയിട്ടില്ല. അഞ്ചുവര്‍ഷം പിന്നിലേക്ക് നോക്കു. അന്ന് കല്യാണ നിശ്ചയമൊക്കെ കഴിഞ്ഞാല്‍ വിവാഹത്തിന്റെ അന്ന് മാത്രമേ അവര്‍ പരസ്പരം കാണുകയുള്ളു. ഇപ്പോഴാണെങ്കില്‍ സേവ് ദി ഡേറ്റിന് ഷൂട്ടിന് പുറത്തുപോകുന്നു. കെട്ടിപ്പിടിച്ചും കിസ് ചെയ്തുമൊക്കെ ചിത്രങ്ങളെടുക്കുന്നു. അതൊക്കെ ഇന്ന് സമൂഹം അംഗീകരിച്ചു കഴിഞ്ഞു. സാധാരണക്കാര്‍ മുതല്‍ പലരും ഇന്നത് ചെയ്യുന്നുണ്ട്. 

എല്ലാവരും ഇങ്ങനെ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാനല്ല ഈ ഫോട്ടോ ഷൂട്ട് നടത്തിയത്. ഇനി വരുന്ന കാലങ്ങളില്‍ ഇത്തരം ചിന്തകളൊക്കെ വരും. അങ്ങനെ ചിന്തിച്ച ആദ്യകാലങ്ങളിലെ ആളുകളില്‍  ഞങ്ങളും ഉള്‍പ്പെടുമെന്നതിലാണ് മറ്റൊരു സന്തോഷം.

Content highlights: viral maternity photoshoot body shaming vineeth arya