തൃശ്ശൂർ: പൊന്നും പണവുമല്ല വലുതെന്ന് വിശ്വസിക്കുന്ന നിധിൻ ബുധനാഴ്‌ച വിദ്യയെ താലിചാർത്തി. പാറമേക്കാവ് അമ്പലത്തിൽ 8.30-നും ഒൻപതിനും ഇടയിലായിരുന്നു ലളിതമായ ചടങ്ങ്. ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ഡിസംബർ ആറിനാണ് വിപിൻ ജീവിതം അവസാനിപ്പിച്ചത്. വിപിന്റെ മരണത്തോടെ ദുഃഖത്തിലാണ്ടുപോയ കുടുംബത്തെ ചേർത്തുപിടിച്ചവർ വിവാഹച്ചടങ്ങിൽ സാക്ഷിയാകാനെത്തി.

വിപിൻ ഏറ്റവുമധികം ആ​ഗ്രഹിച്ച വിവാഹമായിരുന്നു ഇതെന്ന് എന്ന് വരൻ നിധിൻ. പെങ്ങളെ നല്ലരീതിയിൽ ഇറക്കിവിടണമെന്ന് ഏറ്റവുമധികം ആ​ഗ്രഹിച്ചത് വിപിനാണ്. വിവാഹം നല്ലരീതിയിൽ നടന്നതിൽ അവന് സന്തോഷമുണ്ടാകും. ജനുവരിയോടെ വിദേശത്തേക്ക് മടങ്ങേണ്ടിവരും, ശേഷമാകും വിദ്യയെ കൂടെകൊണ്ടുപോകാനുള്ള കാര്യങ്ങൾ തീരുമാനിക്കുക.  എല്ലാവരുടെയും പ്രാർഥന കൂടെ വേണം- നിധിൻ പറയുന്നു. 

ഡിസംബർ പന്ത്രണ്ടിനായിരുന്നു ഈ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. പൊന്നും പണവുമൊന്നും നിധിൻ ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും, പെങ്ങൾക്ക് വിവാഹത്തിന് അല്പം സ്വർണവും നല്ലവസ്ത്രവും നൽകാനുള്ള പ്രയത്നത്തിലാണ് കുണ്ടുവാറയിലെ മൂന്നുസെന്റിലെ ചെറിയ വീട് പണയപ്പെടുത്തി ഒരുലക്ഷമെങ്കിലും എടുക്കാൻ വിപിൻ തീരുമാനിച്ചത്.

പണം നൽകാമെന്നും തിങ്കളാഴ്‌ച രാവിലെ എത്താനുമായിരുന്നു ധനകാര്യസ്ഥാപനം അറിയിച്ചത്. അതുപ്രകാരം പെങ്ങളെയും അമ്മയെയും സ്വർണം വാങ്ങാനായി ജൂവലറിയിലേക്കയച്ച് ധനകാര്യസ്ഥാപനത്തിലെത്തിയ വിപിന് പണം നൽകാനാകില്ലെന്ന മറുപടിയാണ് കിട്ടിയത്. മനംനൊന്ത് വീട്ടിൽ ആത്മഹത്യചെയ്യുകയായിരുന്നു.

മാതൃഭൂമിയിലൂടെയാണ് വാർത്ത ലോകമറിഞ്ഞത്. തുടർന്ന് അനേകംപേർ സഹായവുമായെത്തി. പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിൻ, വിപിന്റെ മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞ് വിവാഹം കഴിച്ചേ വിദേശത്തേക്ക് മടങ്ങൂവെന്ന് തീരുമാനിക്കുകയായിരുന്നു. ‍

Content Highlights: vipin sister wedding, vipin suicide due to refusal of bank loan, dowry system