കൊറോണ വൈറസിനെ ലോകം വാക്സിന്‍ കൊണ്ട് പ്രതിരോധിക്കുമ്പോള്‍ മത്സ്യങ്ങളെ ബാധിക്കുന്ന വൈറസിനെതിരേയുള്ള യുദ്ധത്തിലാണ് ഒരുസംഘം ശാസ്ത്രജ്ഞര്‍. അതില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പങ്കാളിയാവുകയാണ് മലപ്പുറത്തുകാരിയായ ഡോ. ശ്രീജാലക്ഷ്മി.

അന്താരാഷ്ട്ര ശാസ്ത്രഗവേഷണ മേഖലയില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ഇന്റര്‍നാഷണല്‍ വെറ്ററിനറി വാക്സിനോളജി നെറ്റ്വര്‍ക്ക് ഐ.വി.വി.എന്‍.) ഫെലോഷിപ്പിന് ഡോ. ശ്രീജാലക്ഷ്മിയെ തിരഞ്ഞെടുത്തത്. എ.വി.വി.എന്നും കാനഡയിലെ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് റിസര്‍ച്ച് സെന്ററും (ഐ.ഡി.ആര്‍.സി.) ചേര്‍ന്നാണ് ഇന്ത്യയിലെ തിലാപ്പിയ മത്സ്യക്കൃഷിയുടെ സുസ്ഥിരത മെച്ചപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയത്. നാനോ പാര്‍ട്ടിക്കിള്‍ സംയോജിത വാക്സിന്‍ വികസിപ്പിച്ച് മത്സ്യങ്ങളെ രോഗത്തില്‍നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം. ഈ ഗവേഷണത്തിലാണ് ഡോ. ശ്രീജാലക്ഷ്മി പങ്കാളിയാവുന്നത്.

ബ്രസീല്‍, ഇന്ത്യ, ഈജിപ്ത്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നാണ് മറ്റു വനിതാഗവേഷകരുള്ളത്. യു.കെയിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഗവേഷണം. പത്തുമാസത്തേക്ക് 46,000 പൗണ്ട് (ഏകദേശം 46.22 ലക്ഷം രൂപ) ആണ് പ്രാരംഭ ഗ്രാന്റ്

മഞ്ചേരി വായ്പാറപ്പടി 'കൃഷ്ണ'യില്‍ എം. ഗോപാലകൃഷ്ണന്റെയും വത്സലയുടെയും മകളായ ഡോ. ശ്രീജാലക്ഷ്മി കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബയോകെമിസ്ട്രിയില്‍ പി.ജിയും ജര്‍മനിയിലെ റിജന്‍ഡ്ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡിയും നേടി.

കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രീതമാണ് ഭര്‍ത്താവ്. മക്കള്‍: പ്രാര്‍ഥന, പവന്‍.

Content Highlights:  Vaccine against fish virus Among the researchers is a native of Malappuram