വിസ്മയ, പ്രിയങ്ക, ഉത്ര എന്നിവരുടെ സ്ത്രീധനത്തോടനുബന്ധിച്ച മരണം ആണ് കഴിഞ്ഞ ആഴ്ചയിൽ വാർത്താമാധ്യമങ്ങളിൽ ചർച്ചയായത്. അതിന്റെ അലകൾ ഇന്നും അവസാനിച്ചിട്ടില്ല. ഇതിൽ കൊല്ലം ശാസ്താംകോട്ടയിൽ ബി.എ.എം.എസ്. അവസാന വിദ്യാർഥിനിയായ വിസ്മയയുടെ മരണമാണ് കൂടുതൽ കോളിളക്കം സൃഷ്ടിച്ചത്. വിസ്മയ കൊടും പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്തതാണോ, അതോ സ്ത്രീധനത്തിന്റെ പേരിൽ കൊലചെയ്തതാണോ എന്ന് അന്വേഷണം നടക്കുകയാണ്.

അനന്തപുരിയിൽനിന്നും ഭരണത്തലവനായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തന്നെ, വിസ്മയയുടെ വീട് സന്ദർശിച്ചു എന്നതിൽനിന്നും ഈ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിലും സാമൂഹ്യ പരിഷ്‌കരണത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ കളങ്കമാണ് സ്ത്രീധനത്തിന്റെ പേരിൽ അടിക്കടി നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളുമെന്ന കാര്യത്തിൽ സംശയം ഇല്ല. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കാൻ പോലീസും മറ്റ് നിയമസംവിധാനങ്ങളുമുണ്ട്. പക്ഷേ, സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും ആത്മഹത്യകളും കൂടിക്കൊണ്ടിരിക്കുന്നു.

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ്., ആത്മകഥയിൽ തന്റെ വീട്ടിലെ പെൺകുട്ടികൾ വിവാഹം ആവാതെ നിൽക്കുന്നതിനെപ്പറ്റി അമ്മയുടെ ആകുലത രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് :-

‘സ്ത്രീധനം കൊടുക്കാൻ പറയത്തക്ക വിഷമമൊന്നുമില്ലാതിരുന്നിട്ടുപോലും ഞങ്ങളുടെ കുടുംബത്തിൽ എനിക്ക്‌ ഓർമ്മയുള്ള പെൺകൊട(വിവാഹം)കളെല്ലാം ഋതുമതിയായി മൂന്നും നാലും കൊല്ലം കഴിഞ്ഞാണ് നടന്നത്. അത് നടന്നു കഴിയുന്നതുവരെ ഏതെങ്കിലും വിധത്തിലൊരു വഴിയുണ്ടാക്കിത്തരാൻ അമ്മ ഉള്ളുചുട്ട് പ്രാർഥിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമ്മയുടെ പ്രാർഥനയ്‌ക്കും പൂജാദികർമ്മങ്ങൾക്കും പുറമേ ഋതുമതികളായ സഹോദരിമാരെക്കൊണ്ട് 'ഗണപതിക്കിടുക' മുതലായ ചടങ്ങുകൾ കഴിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം ഫലമായി ദൈവം പ്രസാദിച്ച് ' ഏതെങ്കിലുമൊരാൾക്ക് പിടിച്ചുകൊടുക്കാൻ കഴിഞ്ഞാലോ എന്തൊരാശ്വാസമാണ്'.

നമ്പൂതിരി സമുദായത്തിൽ നിലനിന്ന സ്ത്രീധനത്തെ കർശനമായി നിജപ്പെടുത്തുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കൽത്തുറങ്കിലടയ്‌ക്കാൻ വിളംബരം പുറപ്പെടുവിക്കുകയും ചെയ്ത ഒരു മഹാറാണി തിരുവിതാംകൂർ ഭരിച്ചിരുന്നു. സ്വാതിതിരുനാളിനു പ്രായം തികയാത്തതിനാൽ റീജന്റായി ഭരിച്ച അദ്ദേഹത്തിന്റെ ഇളയമ്മ ഗൗരി പാർവതിഭായി(1815-1829)ആയിരുന്നു അവർ. അക്കാലത്ത് നമ്പൂതിരി സമുദായത്തിലെ പെൺകുട്ടികളെ വിവാഹം ചെയ്യാൻ ഇപ്പോഴത്തെ സ്ത്രീധനത്തിനു തുല്യമായി 'വരദക്ഷിണ' എന്ന പതിവുണ്ടായിരുന്നു. വിവാഹത്തിന് വൻ തുകയാണ് വരദക്ഷിണയായി വാങ്ങിയിരുന്നത്. ഇത് കൊടുക്കാനില്ലാത്ത നമ്പൂതിരിമാരുടെയും പോറ്റിമാരുടെയും വീടുകളിൽ പെൺകുട്ടികൾ അവിവാഹിതരായി നിൽക്കാൻ തുടങ്ങി. ഇത് അറിഞ്ഞാണ് വരദക്ഷിണ നിശ്ചിത തുകയായി നിജപ്പെടുത്തിക്കൊണ്ടും അതിൽ കൂടുതൽ ചോദിക്കുന്നവരെയോ, വാങ്ങുന്നവരെയോ അറസ്റ്റ് ചെയ്ത് കോർട്ടിൽ എത്തിച്ച് ശിക്ഷിക്കാൻ കൊല്ലവർഷം 998 കർക്കടക(ഇംഗ്ലീഷ് വർഷം 1823)ത്തിൽ റാണി വിളംബരം പുറപ്പെടുവിച്ചത്. ഈ രേഖ ഇപ്പോഴും പുരാവസ്തുവകുപ്പിലുണ്ട്.

Content Highlights: Uthrittathi Thirunal Gowri Parvathi Bayi, Kerala dowry deaths, cases,