പാലക്കാട്: പാലക്കാട് നഗരസഭാപരിധിയിലുള്ളവർക്ക് പാഡ് കളയാൻ ഇനി പാടുപെടേണ്ടതില്ല. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ പാലക്കാട് നഗരസഭയുടെ ഹരിതകർമസേന വീണ്ടും എടുത്തുതുടങ്ങി. കഴിഞ്ഞ ജനുവരിയിൽ നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം കത്തിക്കുന്ന ഇൻസിനറേറ്റർ കേടായതോടെയാണ് പാഡുകൾ വീടുകളിൽനിന്ന്‌ എടുക്കുന്നത് നിർത്തിയത്. ഇതോടെ നഗരപരിധിയിലുള്ളവർക്ക് സാനിറ്ററി നാപ്കിനുകളുടെ നിർമാർജനം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ‘മാതൃഭൂമി’ ഇത് സംബന്ധിച്ച് വാർത്തയും നൽകിയിരുന്നു.

നിലവിൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ പുതിയ ഇൻസിനറേറ്റർ സ്ഥാപിച്ചതോടെയാണ് നഗരസഭ വീണ്ടും സാനിറ്ററി നാപ്കിനുകൾ വീടുകളിൽനിന്ന്‌ എടുത്തുതുടങ്ങിയത്. 1000 കിലോയോളം മാലിന്യം കത്തിച്ചുകളയാൻ ശേഷിയുള്ള ഇൻസിനറേറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും ആവശ്യമായിവരില്ലെങ്കിലും കൂടുതൽ പ്രവർത്തനശേഷിയുള്ള ഇൻസിനറേറ്റർ സ്ഥാപിക്കുകയായിരുന്നെന്നും പാലക്കാട് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പി. സ്മിതേഷ് പറഞ്ഞു.

പുതിയതായി സ്ഥാപിച്ച ഇൻസിനറേറ്റർ നിലവിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിന്റെ ഭാഗമായുള്ള അവസാനഘട്ടപ്രവൃത്തികൾ പുരോഗതിയിലാണ്. ഒക്‌ടോബർ ആദ്യവാരത്തോടെ നിലവിൽ ശേഖരിച്ചുവെച്ചിരിക്കുന്ന മാലിന്യങ്ങൾ പുതിയ ഇൻസിനറേറ്ററിൽ കത്തിച്ചുതുടങ്ങുമെന്നും പാലക്കാട് നഗരസഭാധികൃതർ പറഞ്ഞു.