രാജ്യത്തെ എണ്ണ, പ്രകൃതിവാതകം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ അഭിനന്ദിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന സ്ത്രീകളായ ജീവനക്കാരുടെ ചിത്രം പങ്കുവെച്ചാണ് കേന്ദ്രമന്ത്രി അവരെ അഭിനന്ദിച്ചത്. 

കോവിഡ് മഹാമാരിക്കാലത്തും 60 മുതല്‍ 70 ദിവസം വരെ ഇവര്‍ തുടര്‍ച്ചയായി ജോലി ചെയ്തുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിയില്‍ ഇവര്‍ തുല്യപങ്കാളികളാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഓറഞ്ച് നിറമുള്ള സുരക്ഷാവസ്ത്രവും തൊപ്പിയും അണിഞ്ഞ് ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ ചിത്രങ്ങളാണ് മന്ത്രി പങ്കുവെച്ചത്. നിങ്ങള്‍ ഞങ്ങള്‍ക്ക് അഭിമാനമാണെന്നും നിങ്ങളുടെ മുന്നില്‍ തലകുനിക്കുന്നുവെന്നും മന്ത്രി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. 

മന്ത്രിയുടെ പോസ്റ്റ് നൂറുകണക്കിന് ആളുകളാണ് ലൈക്കും ഷെയറും ചെയ്തത്. വനിതാ ജീവനക്കാരെ അഭിനന്ദിക്കാനുള്ള മന്ത്രിയുടെ മനസ്സിനെ നിരവധി പേര്‍ പുകഴ്ത്തി. കൂടാതെ, രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ ജീവനക്കാരെയും നിരവധി പേര്‍ അഭിനന്ദിച്ചു കമന്റ് ചെയ്തിട്ടുണ്ട്.

Content highlights: union minister hardeep singh puri, congratulate women employees at oil and gas rings, super women