കോട്ടയം: സ്വയംസഹായസംഘങ്ങളിലെ വനിതകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ സമ്പാദിക്കുന്നതിനുള്ള ഉപജീവന പദ്ധതി ഒരുങ്ങുന്നു. സംസ്ഥാനസര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്രഗ്രാമവികസന മന്ത്രാലയം രാജ്യത്തെ 6,768 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കൃഷി, തൊഴില്‍, വാണിജ്യ സംരംഭങ്ങളിലൂടെ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടരക്കോടി വനിതകള്‍ക്ക് ഒരുലക്ഷം രൂപ വാര്‍ഷിക വരുമാനത്തിനുള്ള വഴികളാണ് തേടുന്നത്.

ഇതിനായി, വിവിധ സംഘടനകള്‍, കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍, സ്വകാര്യ വിപണി എന്നിവയുടെ പിന്തുണയോടെ ആവശ്യമായ പരിഷ്‌കാരങ്ങള്‍ സ്വയംസഹായസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നടപ്പാക്കണമെന്ന് സംസ്ഥാന ഗ്രാമവികസന, തദ്ദേശവകുപ്പുകളോട് കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുകയാണ്.

നിലവില്‍ 70 ലക്ഷം സ്വയംസഹായ സംഘങ്ങളിലായി 7.7 കോടി വനിതകളുണ്ട്. ബാങ്ക്ലിങ്കേജ് വായ്പകളുടെ പിന്തുണയോടെ തൊഴില്‍ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

സ്വാശ്രയസംഘങ്ങള്‍ക്ക് നിലവില്‍ ബാങ്കുകള്‍ വഴി പ്രതിവര്‍ഷം 8,000 കോടി രൂപ മൂലധന സഹായം നല്‍കുന്നു. എന്നാല്‍, വ്യക്തമായ ആസൂത്രണമില്ലാത്തതിനാല്‍ നിശ്ചിത വരുമാനം നേടുന്നതില്‍ പിന്നാക്കമാണ് സംഘങ്ങള്‍.

വായ്പാസൗകര്യങ്ങളേര്‍പ്പെടുത്തുന്നത് ദേശസാത്കൃത ബാങ്കുകളാണ്. നടപടിക്രമം ലഘൂകരിച്ച് മൂലധനം കണ്ടെത്താന്‍ വനിതകളെ സഹായിക്കണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദീന്‍ദയാല്‍ അന്ത്യോദയ യോജന, മഹിള കിസാന്‍ ശക്തീകര പരിയോജന്‍ തുടങ്ങിയവയും സ്വാശ്രയസംഘങ്ങളുടെ വരുമാനവര്‍ധനയ്ക്കായി നിലകൊള്ളും.

കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്ര കരകൗശല ഉത്പന്നങ്ങള്‍, കടകള്‍ തുടങ്ങിയവയാണ് വനിതകള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളത്.

Content highlights: union governmet is to introduce new plan to increase income of women