ക്കൾ ഉപരിപഠനത്തിനു പോകുന്നതും കരിയർ സ്വപ്നങ്ങൾ നേടിയെടുക്കുന്നതുമൊക്കെ അച്ഛനമ്മമാരെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. അത്തരത്തിൽ മകളെയോർത്ത് ആനന്ദത്തിലാഴുന്ന ഒരച്ഛന്റെ പോസ്റ്റാണ് ട്വിറ്ററിൽ നിറയുന്നത്. ഒരുകാലത്ത് കാൻസറിനോട് പോരാടിയ മകൾ അതേ സ്ഥലത്ത് ഉപരിപഠനത്തിന് എത്തിയതിനെക്കുറിച്ചാണ് അച്ഛന്റെ പോസ്റ്റ്. യു.കെയിൽ നിന്നാണ് ഹൃദയം തൊടുന്ന ഈ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. 

കോൺവാളിൽ നിന്നുള്ള മാർട്ടിൻ ഡോറെ മകൾ മാ​ഗിയെക്കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. മകളെ ബ്രിസ്റ്റൾ സർവകലാശാലയിൽ ചേർത്തതിനെക്കുറിച്ചും പുതിയ മുറിയിൽ നിന്നാൽ പണ്ട് മകൾ ലുക്കീമിയയ്ക്കെതിരെ പോരാടിയ ആശുപത്രി കാണാണെന്നും കുറിക്കുകയാണ് അച്ഛൻ. 

മാ​ഗിയെ ബ്രിസ്റ്റൺ യൂണിവേഴ്സ്റ്റിയിൽ വിട്ടുവന്നു. അവളുടെ പുതിയ മുറിയിൽ നിന്നാൽ ബ്രിസ്റ്റൾ ചിൽ‍ഡ്രൻ ഹോസ്പിറ്റൽ കാണാം. 17 വർഷം മുമ്പ് ആറുമാസത്തോളം ലുക്കീമിയയ്ക്കെതിരെ അവൾ പോരാടിയ ഇടം. ആനന്ദക്കണ്ണീർ... എന്നു പറഞ്ഞാണ് മാർട്ടിൻ മാ​ഗിയുടെ ചിത്രം പങ്കുവച്ചത്. 

‌നിരവധി പേരാണ് പോസ്റ്റിനു കീഴെ മാ​ഗിക്ക് ആശംസകളുമായെത്തിയത്. അക്കൂട്ടത്തിൽ  മാ​ഗിയെ ലുക്കീമിയ കാലത്ത് പരിചരിച്ച നഴ്സുമുണ്ടായിരുന്നു. ഷാർലെറ്റ് ഹി​ഗ്ബി എന്ന നഴ്സാണ് മാ​ഗിയെ പരിചരിച്ച നഴ്സെന്ന നിലയ്ക്ക് ആ പോസ്റ്റ് തന്നെ എത്രത്തോളം ആനന്ദിപ്പിക്കുന്നുവെന്ന് കുറിച്ചത്. 

മാ​ഗി എന്നെന്നും തന്റെ ഹൃദയത്തോട് ചേർന്നിരുന്നിരുന്നെന്നും ഇന്ന് അവളൊരു വലിയ പെൺകുട്ടിയായി കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നുവെന്നും ഷാർലെറ്റ് കുറിച്ചു. ഇതിൽപരം മുന്നേറാൻ മറ്റൊരു പ്രചോദനവും മാ​ഗിക്ക് കിട്ടാനില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

Content Highlights: UK girl joins university next to hospital where she defeated cancer father post goes viral