' നീ ടെന്‍ഷനാവണ്ട. ആരുമില്ലെന്ന് വിചാരിക്കരുത്. ഞാനുണ്ട്. ഒരു ഫോണ്‍വിളി മതി. ഞാനുണ്ടാവും.', കരയുന്ന കൂട്ടുകാരന്‍ അഡ്വ. സുള്‍ഫിക്കര്‍ അലിയെ ആശ്വസിപ്പിച്ചു അഭിഭാഷകയായ സോഫിയ. സുള്‍ഫിക്കറിന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ സഫ്ന കോവിഡ് പോസിറ്റീവായിരുന്നു ഈ സമയത്ത്. ഉറ്റവര്‍ മടിച്ചപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച സുള്‍ഫിക്കറിനെ ഞെട്ടിച്ചാണ് സഫ്നയെ പരിചരിക്കാന്‍ സുഹൃത്ത് സോഫി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെത്തിയത്. ഡിസംബര്‍ 27-ന് പ്രസവം കഴിഞ്ഞുള്ള അഞ്ച് ദിവസം സഫ്‌നയ്ക്ക് അങ്ങനെ സോഫിയ അമ്മയായി. സഫ്‌നയെ പരിചരിച്ചെങ്കിലും കോവിഡ് പരിശോധനയില്‍ നെഗറ്റീവാണ് സോഫിയ.
സുള്‍ഫിക്കറും സോഫിയയും തൃശ്ശൂര്‍ ലോ കോളേജിലെ സഹപാഠികളാണ്. ഡിസംബര്‍ 18-നാണ് സുള്‍ഫിക്കറിനും ഭാര്യയ്ക്കും പെണ്‍മക്കളായ പതിനാലുകാരി അനന്‍ ഫാത്തിമ, പന്ത്രണ്ടുകാരി ഐഷ നവ്‌റിന്‍, എട്ടുവയസ്സുള്ള മറിയം ജെബീന്‍, രണ്ടുവയസ്സുള്ള നെഫീസത്തുല്‍ മിസ്രിയ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. പ്രസവമടുത്തതിനാല്‍ സഫ്‌നയെ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലേയ്ക്ക് മാറ്റി.

കൂടെനില്‍ക്കാന്‍ അടുത്ത ബന്ധുക്കളുമില്ല. സുള്‍ഫിക്കറിന്റെ ഉമ്മയ്ക്കാണെങ്കില്‍ പ്രായത്തിന്റേതായ ആരോഗ്യപ്രശ്‌നങ്ങള്‍. ആ ഒറ്റപ്പെടലില്‍ തുണയായത് വാര്‍ഡില്‍ തന്നെയുണ്ടായിരുന്ന പാവറട്ടി സ്വദേശിയായ ഫര്‍ഹദാണ്. ഭക്ഷണം എടുത്തുകൊടുക്കാനും മറ്റും ഈ യുവതി കൂടെത്തന്നെ ഉണ്ടായിരുന്നു. മതത്തിനപ്പുറം മനുഷ്യത്വം മുന്നിട്ടുനിന്ന കാഴ്ച. നന്ദിസൂചകമായി തങ്ങളുടെ പെണ്‍കുഞ്ഞിന് സോഫിയയുടെയും കോവിഡ് വാര്‍ഡില്‍ എന്തുകാര്യത്തിനും ഒപ്പമുണ്ടായിരുന്ന ഫര്‍ഹദിന്റെയും പേര് ചേര്‍ത്ത് സോഫിയ ഫര്‍ദ് എന്ന് പേരും നല്‍കി ഈ ദമ്പതികള്‍.
സഫ്‌നയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചതിന് ശേഷമാണ് സോഫി ആശുപത്രിയിലെത്തുന്നത്. പരിചരണത്തിന് തയ്യാറെന്ന് സമ്മതപത്രം എഴുതി നല്‍കി. കുഞ്ഞിനെ കാണിക്കാന്‍ പുറത്തിറങ്ങിയ നഴ്‌സിന് മുമ്പില്‍ ഇരുകൈയ്യും നീട്ടി നിന്നത് സോഫി. പ്രസവം കഴിഞ്ഞതിന്റെ രണ്ടാംദിവസം സഫ്‌നയ്ക്ക് കോവിഡ് നെഗറ്റീവായി. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
പോട്ടോര്‍ കോഴിക്കുന്നാണ് സോഫിയയുടെ വീട്. ഭര്‍ത്താവ് ജോഷി. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ കോഴിക്കുന്ന് വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു അഡ്വ. സോഫിയ. അഞ്ചുവോട്ടുകള്‍ക്കാണ് ഇവര്‍ പരാജയപ്പെട്ടത്.
Content Highlights: two women help a pregnant lady in covid ward during corona pandemic