വെഞ്ഞാറമൂട്: പ്രസവവേദനകൊണ്ട് വഴിയില്‍ വീണ യുവതിക്കു മുന്നില്‍ ശരിക്കും മാലാഖമാരായി എത്തിയത് രണ്ട് നഴ്‌സുമാര്‍. ഇരുവരുടെയും കാവലിലും കരുതലിലും യുവതി വഴിവക്കില്‍ കുഞ്ഞിനു ജന്മംനല്‍കി. 108 ആംബുലന്‍സ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു.

ആനാകുടി കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ സോഫിയ എസ്., ദീപ ഡി.കെ. എന്നിവരാണ് കോവിഡ് ഡ്യൂട്ടിക്കിടെ വഴിവക്കിലെ പ്രസവരക്ഷാസേവനത്തിലൂടെ മാതൃകയായത്. ആനാകുടി പണയില്‍ വീട്ടില്‍ ലക്ഷ്മി ചന്ദ്രന്‍(26) ആണ് നഴ്‌സുമാരുടെ കരുതലില്‍ സുഖപ്രസവം നടത്തിയത്. ലക്ഷ്മിക്ക് പ്രസവവേദനയുണ്ടായ ഉടനെ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചു.

വീട്ടിലേക്കുള്ള വഴി വാഹനം കയറാത്ത നിലയിലുള്ളതാണ്. പ്രധാന റോഡുവശത്തു കാത്തുനിന്ന ഓട്ടോയ്ക്കടുത്ത് എത്തുന്നതിനിടെ ലക്ഷ്മി പ്രസവവേദനകൊണ്ട് വഴിയില്‍ ഇരുന്നുപോയി. എന്തുചെയ്യണമെന്നറിയാതെ ഭര്‍ത്താവ് ചന്ദ്രനും ഒപ്പമുള്ളവരും ആശങ്കപ്പെട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് മാലാഖമാരെപ്പോലെ സോഫിയയും ദീപയും ഇരുചക്രവാഹനത്തില്‍ അതുവഴി വന്നത്.

വാമനപുരം പൊതുജനാരോഗ്യ കേന്ദ്രത്തില്‍നിന്ന് കോവിഡ് വാക്‌സിനുമായി ആനാകുടി ആശുപത്രിയിലേക്കു പോകുകയായിരുന്നു നഴ്‌സുമാര്‍. അവര്‍ വാഹനം നിര്‍ത്തി ലക്ഷ്മിയുടെ പ്രസവശുശ്രൂഷ ആരംഭിച്ചു.

മതിയായ ധൈര്യവും നല്‍കി. ഭര്‍ത്താവിന്റെ മടിയില്‍ തലവച്ചുകിടന്ന് ലക്ഷ്മി കുഞ്ഞിനു ജന്മംനല്‍കി.

കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ ശേഷം നഴ്‌സുമാര്‍ 108 ആംബുലന്‍സ് വിളിച്ചു.

കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രി 108 കനിവ് ആംബുലന്‍സിലെ മെഡിക്കല്‍ ടെക്‌നീഷന്‍ ഷൈജ രാജന്‍, പൈലറ്റ് ബോബസ് ജോണ്‍ എന്നിവര്‍ ഉടനെത്തി. 32 മിനിട്ടുകൊണ്ട് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി തിരുവനന്തപുരം എസ്.എ.ടി.യില്‍ എത്തിച്ചു.

Content Highlights:  Two nurses came as real angels in front of a young woman who fell on the road due to labor pains