ഴുപത്തിരണ്ടാം വയസ്സിലും പ്രായം നോക്കാതെ പ്രകൃതിക്കായി ജീവിച്ച തുളസിഗൗഡയ്ക്ക് അർഹിച്ച അംഗീകാരമായാണ് പത്മശ്രീ പുരസ്കാരം എത്തിയത്. 119 പത്മ പുരസ്കാര ജേതാക്കളുടെ പട്ടികയിലാണ് തുളസി ​ഗൗഡയും ഇടം നേടിയത്. ഇപ്പോഴിതാ പുരസ്കാര ദാന ചടങ്ങിൽ നിന്നുള്ള തുളസി ​ഗൗഡയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും  ആഭ്യന്തര മന്ത്രി അമിത് ഷായും തുളസി ​ഗൗഡയെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് വൈറലാകുന്നത്. ഇമേജ് ഓഫ് ദി ഡേ എന്ന ക്യാപ്ഷനോടെയാണ് ചിത്രം വൈറലാകുന്നത്. തുടർന്ന് മോദിയുമായി സംസാരിക്കുന്ന തുളസി ​ഗൗഡയുടെ ചിത്രവും കാണാം. 

കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി പ്രകൃതിക്കു വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ് തുളസി ​ഗൗഡയുടേത്. ഈ കാലയളവിൽ നാല്പതിനായിരത്തിലധികം വൃക്ഷത്തൈകൾ തുളസി നട്ടുവളർത്തി. കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അഗാധമായി അറിവുകൾ തുളസി മറ്റുള്ളവരിലേക്ക് പകർന്നുനൽകുന്നു. ചെടികൾ വളരാൻ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണ തുളസിക്കുണ്ട്.

വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വനവത്കരണ പരിപാടിയിൽ തുളസിഗൗഡ സജീവമായിരുന്നു. ഇവരുടെ സേവനവും പ്രകൃതിയോടുള്ള ആത്മാർഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിക്ക്‌ സ്ഥിരനിയമനം നൽകി. 14 വർഷം വനംവകുപ്പിൽ സേവനമനുഷ്ഠിച്ചു. പെൻഷൻ തുകയാണ് ഉപജീവനത്തിനുള്ള ആശ്രയം. പിന്നാക്ക സമുദായത്തിൽ ജനിച്ച തുളസിക്ക് ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. തുടർന്ന് അമ്മയോടൊപ്പം തൊഴിൽ ചെയ്യാനിറങ്ങുകയായിരുന്നു. ‘കാടിന്റെ സർവവിജ്ഞാന കോശം’ എന്നാണ് ഇവർ അറിയപ്പെടുന്നത്.

Content Highlights: tulsi gowda, tulsi gowda environmentalist, tulsi gowda padma shri, prime minister of india