കൂരാച്ചുണ്ട്: കക്കയം ഹൈഡൽ ടൂറിസം കേന്ദ്രത്തിലെ ശുചീകരണതൊഴിലാളിയായ ആദിവാസി സ്ത്രീയെ പിരിച്ചുവിട്ടുവെന്ന് ആരോപണം. അമ്പലക്കുന്ന് ആദിവാസി കോളനിയിലെ ശാരദയെ ആണ് പിരിച്ചുവിട്ടത്. ഇതിനുമുമ്പും കേന്ദ്രത്തിലെ തൊഴിലാളികളായ ആദിവാസി സ്ത്രീകളെ പിരിച്ചുവിട്ടിട്ടുണ്ടെന്നും ആരോപണം ഉയർന്നു.

കേന്ദ്രത്തിൽ ശുചീകരണത്തൊഴിലാളിയായ ഹൈഡൽ ടൂറിസംപദ്ധതിയുടെ തുടക്കത്തിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് ജോലി നൽകിയിരുന്നു. ജീവനക്കാർ സ്ഥിരമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന കാരണത്താൽ ഇവരെ പിരിച്ചുവിട്ടുവെന്നാണ് അധികൃതർ പറയുന്നത്. പിന്നീടാണ് ശാരദ ജോലിക്ക് കയറിയത്. ഭർത്താവിന്റെ അസുഖവും മരണവുംമൂലം ശാരദയ്ക്ക് തുടർച്ചയായി ജോലിക്ക് ഹാജരാകാൻ കഴിഞ്ഞില്ല. പിന്നീട് കേന്ദ്രത്തിൽ മറ്റൊരാളെ നിയമിക്കുകയും തന്നെ പൂർണമായും പിരിച്ചുവിടുകയുമാണ് ചെയ്തതെന്ന് ശാരദ പറയുന്നു.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും ശാരദയെ ജോലിയിൽനിന്നും പിരിച്ചുവിട്ടിട്ടില്ലെന്നും ഹൈഡൽ ടൂറിസം മാനേജർ കെ. ശിവദാസൻ പ്രതികരിച്ചു. മാസങ്ങളോളം ജോലിക്ക് ഹാജരാകാൻ കഴിയാതെ ശാരദ പിന്നീട് ജോലിക്ക് എത്തിയിട്ടും കാരണം ബോധിപ്പിക്കാതെ തുടർച്ചയായി അവധി എടുക്കുന്ന സാഹചര്യമുണ്ടായിരുന്നു.

എന്നിട്ടും ജോലിയിൽനിന്നും അവരെ പിരിച്ചുവിട്ടിട്ടില്ല. ഡയറക്ടറുടെ അനുവാദം ലഭിച്ചതിനുശേഷം വീണ്ടും ജോലിക്ക് ഹാജരാകാൻ അവരെ അറിയിച്ചിരുന്നു. എന്നാൽ ശാരദ ആരോപണവുമായി മുന്നോട്ടുപോകുകയാണ് ചെയ്തതെന്ന് മാനേജർ പറഞ്ഞു.

അകാരണമായി അവധി എടുക്കരുതെന്നും സ്ഥിരമായി ജോലിക്ക് പോകണമെന്നും ശാരദയോട് നിരന്തരം പറയാറുണ്ടായിരുന്നുവെന്ന് എസ്.ടി. പ്രൊമോട്ടർ എം.റീന പറഞ്ഞു.

സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സലീഷ് അറിയിച്ചു.

Content Highlights: tribal woman, dismissed from job, kakkayam tourism