ആകാംക്ഷാപൂര്‍വം കാത്തിരുന്ന അധ്യാപകരുടെ ഫോണിലേക്ക് ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ശ്രീദേവിയുടെ വിളിയെത്തി. അപ്പോഴേക്കും മാതൃഭൂമി വാര്‍ത്തയിലൂടെ 'അവളറിയാ വിജയകഥ' ലോകം അറിഞ്ഞിരുന്നു. അദ്ഭുതവിജയത്തിന് അടിത്തറ പാകിയ അധ്യാപകരുമായി അവള്‍ സന്തോഷം പങ്കിട്ടു, ചാരിതാര്‍ഥ്യത്തോടെ.
എസ്.എസ്.എല്‍.സി. അവസാന പരീക്ഷയെഴുതാന്‍ 150 കിലോ മീറ്റര്‍ കാട്ടിലൂടെ നടന്നും വാഹനത്തിലുമായെത്തിയ ശ്രീദേവിയുടെ കഥ 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. ഫുള്‍ എ പ്ലസ് നേടിയ വിവരം ഊരില്‍ കഴിയുന്ന ശ്രീദേവിയെ അറിയിക്കാനാവാത്തതും വാര്‍ത്തയായിരുന്നു. ഒടുവില്‍ ആ വിവരം ശ്രീദേവിയെ അറിയിക്കാനും മാതൃഭൂമി വഴിയൊരുക്കി.
''ടീച്ചറേ ശരിക്കും ഫുള്‍ എ പ്ലസ് ആണോ. അച്ഛന്‍ പറഞ്ഞെങ്കിലും എനിക്ക് വിശ്വാസം പോരാ'' - സിനി ടീച്ചറോട് ശ്രീദേവി ചോദിച്ചു. അച്ഛന്റെ ചെറിയ മൊബൈല്‍ ഫോണിന് ജീവന്‍വെക്കാന്‍ ആനത്താരകള്‍ കടന്ന് കുറെ ദൂരം വരണമായിരുന്നു അവള്‍ക്ക്. റേഞ്ചില്ലാത്തതിനാല്‍ മറ്റ് അധ്യാപകര്‍ക്കുള്ള വിളികള്‍ പലതും മുഴുമിപ്പിക്കാനായില്ല. വിളിച്ചിട്ട് കിട്ടിയില്ല എന്ന് അധ്യാപകരും പറയുന്നു.
ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിവരം അച്ഛന്‍ ചെല്ലമുത്തു ശ്രീദേവിയെ അറിയിച്ചത്. ജോലിക്ക് പോയി മടങ്ങുന്ന വഴി ബന്ധുവില്‍നിന്നാണ് വിവരം കിട്ടിയത്. മാതൃഭൂമിയില്‍നിന്നാണ് വിവരം ബന്ധുക്കളറിഞ്ഞത്.
ചാലക്കുടി നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ശ്രീദേവി. പഠനത്തില്‍ മാത്രമല്ല കായികരംഗത്തും ഭാവിവാഗ്ദാനമാണ് ശ്രീദേവിയെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സയന്‍സ് വിഷയമെടുത്ത് അതേ സ്‌കൂളില്‍ പഠനം തുടരാനാണ് ശ്രീദേവിയുടെ ആഗ്രഹം.
Content highlights: tribal girl travel 150 k.m through the forest for attend her SSLC exam who get full a plus