വയനാട്: കാടും മലയുംതാണ്ടി സ്‌കൂളിലെത്തിയ തൃക്കൈപ്പറ്റ ജി.എച്ച്.എസിലെ മായ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നേടിയത് എട്ട് എപ്ലസുകളാണ്. പക്ഷേ, നൂറുശതമാനം എ പ്ലസിനെക്കാള്‍ തിളക്കമുണ്ടതിനിപ്പോള്‍. കാട്ടിലൂടെ മൂന്നു കിലോമീറ്റര്‍ താണ്ടിയാണ് മായയും കൂട്ടുകാരും സ്‌കൂളിലെത്തിയിരുന്നത്. മായയുടെ വിജയകഥയറിഞ്ഞ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഇടപെട്ടതോടെ, വൈദ്യുതിയെത്താത്ത കോളനിയില്‍ സോളാറിന്റെ വെളിച്ചമെത്തും. ഇതോടെ കാരാളംകോട്ട പണിയ കോളനിയുടെ വെളിച്ചമാവുകയാണ് മായ.

മേപ്പാടി പഞ്ചായത്തിലാണ് വൈദ്യുതി വെളിച്ചംപോലുമെത്താത്ത കാരാളംകോട്ട പണിയ കോളനി. വനത്തിനുള്ളിലൂടെ മൂന്നുകിലോമീറ്ററിലധികം ദുര്‍ഘടമായ പാത താണ്ടിയാലേ പുറംലോകത്തെത്താനാവൂ. അങ്ങനെയാണ് വര്‍ഷങ്ങളായി മായയും സഹപാഠികളും സ്‌കൂളിലെത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍കാരണം സ്‌കൂളടച്ചതോടെ മായയുടെ പഠനം വഴിമുട്ടി. വൈദ്യുതിയോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനവും പ്രയാസമായിരുന്നു. എന്നിട്ടും ഈ മിടുക്കി തിളക്കമാര്‍ന്ന വിജയം നേടിയതറിഞ്ഞതോടെ ജില്ലാപഞ്ചായത്ത് ഡിവിഷന്‍ അംഗംകൂടിയായ പ്രസിഡന്റ് കോളനിയിലെത്തി മായയെ അഭിനന്ദിച്ചു. കല്പറ്റ ടി.ഇ.ഒ. ജംഷീദ് അലി, ക്ലര്‍ക്ക് സുധീഷ് ബാബു എന്നിവരോടൊപ്പമാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കോളനിയിലെത്തിയത്.

കോളനിയില്‍ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് മനസ്സിലായതോടെ അദ്ദേഹം മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്‌ചെയ്യാനുള്ള സോളാര്‍ പാനല്‍ ട്രൈബല്‍ വകുപ്പിന്റെ സഹായത്തോടെ നല്‍കി. വൈദ്യുതിവേണമെന്നത് കോളനിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ്. ഈ ആവശ്യം അവര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുമുന്നിലും ഉന്നയിച്ചു. എന്നാല്‍, വനത്തിലൂടെ വൈദ്യുതിയെത്തിക്കുന്നതിന് നിയമ-സാമ്പത്തിക തടസ്സങ്ങള്‍ ഏറെയാണെന്ന് അദ്ദേഹം കോളനിവാസികളെ ബോധ്യപ്പെടുത്തി. കോളനിയുടെ സമ്പൂര്‍ണ സോളാര്‍വത്കരണത്തിനായി ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കോളനിവാസികളെ അറിയിച്ചു.

മായയുടെ മികച്ച വിജയം തുടരാന്‍ കോളനിയിലെ മറ്റുകുട്ടികള്‍ക്കും എല്ലാപിന്തുണയും ഉറപ്പുനല്‍കിയാണ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ടി.ഇ.ഒ.യെ ചുമതലപ്പെടുത്തിയതായി സംഷാദ് മരക്കാര്‍ പറഞ്ഞു. കഷ്ടപ്പെട്ട് താന്‍ നേടിയ വിജയത്തിലൂടെ കോളനിയില്‍ വികസനത്തിന്റെ വെളിച്ചമെത്തുന്നതിന്റെ സന്തോഷത്തിലാണ് മായയിപ്പോള്‍.

Content Highlights: Tribal girl maya from wayanad