ട്യൂറെറ്റ് സിൻഡ്രം എന്ന അപൂർവ രോ​ഗത്തേ പാട്ടിലൂടെ അതിജീവിക്കുന്ന എലിസബത്ത് എന്ന പെൺകുട്ടിയെ പരിചയമില്ലാത്തവർ കുറവായിരിക്കും. പ്രത്യേകരീതിയില്‍ ചലനങ്ങളും ശബ്ദവും ആവര്‍ത്തിച്ചു വരുന്ന ട്യൂറെറ്റ് സിന്‍ഡ്രം എന്ന ന്യൂറോളജിക്കല്‍ വൈകല്യവുമായി ജീവിക്കുന്ന എലിസബത്തിന്റെ പാട്ടുകൾക്ക് സമൂഹമാധ്യമത്തിൽ ആരാധകർ ഏറെയാണ്. രോ​ഗത്തെ തോൽപിക്കാൻ സർജറി ചെയ്യുന്നതിനെക്കുറിച്ച് എലിസബത്ത് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സർജറിക്ക് ശേഷമുള്ള വിവരം പങ്കുവെക്കുകയാണ് എലിസബത്ത്.

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവുകയാണെന്നും ദൈവത്തിന് നന്ദിയെന്നും പറഞ്ഞാണ് എലിസബത്ത് കുറിപ്പ് ആരംഭിക്കുന്നത്. ഇപ്പോൾ കഴിഞ്ഞ സർജറിയുടെ പോസിറ്റീവ് ഫലം കിട്ടാൻ രണ്ടുമാസമോ അതിനു മുകളിലോ ആകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രാർഥനകൾക്കും സ്നേഹത്തിനും നന്ദി എന്നും എലിസബത്ത് കുറിക്കുന്നു.

കുറിപ്പിലേക്ക്...

എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം . ഹോസ്പിറ്റലിൽ നിന്ന്, ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ആകുന്നു. ദൈവത്തിന് നന്ദി. ഇപ്പോൾ കഴിഞ്ഞ സർജറിയുടെ പോസിറ്റീവ് റിസൾട്ട്‌ കിട്ടാൻ, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് doctors പറയുന്നത്. പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു. നിങ്ങളേവരുടെയും, അതിരില്ലാത്ത സ്നേഹത്തിനും, പ്രാർത്ഥനക്കും, മെസ്സേജുകൾക്കും ഹൃദയം നിറഞ്ഞ നന്ദി 
With love,
നിങ്ങളുടെ സ്വന്തം എലിസബത്ത്

കണ്ണൂര്‍ പുളിങ്ങോം സ്വദേശികളായ സജി മാത്യു ബീന ദമ്പതിമാരുടെ പുത്രിയായ എലിസബത്ത് നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ട്യൂറെറ്റ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ബാഗില്‍നിന്നു പുസ്തകമെടുക്കാന്‍ പറഞ്ഞ അച്ഛന്‍ കണ്ടത് കൈകള്‍ ആവര്‍ത്തിച്ച് വിറച്ചുനില്‍ക്കുന്ന എലിസബത്തിനെയാണ്. തുടക്കത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെങ്കിലും പതിയെ എലിസബത്തിന്റെ അസാധാരണമായ ചലനങ്ങളുടെ ആവര്‍ത്തനം കൂടിത്തുടങ്ങി. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും ബെംഗളൂരു നിംഹാന്‍സിലുമൊക്കെ ചികിത്സതേടി. ഒടുവിലാണ് ട്യൂറെറ്റ് സിന്‍ഡ്രോം ആണ് മകള്‍ക്കെന്ന് തിരിച്ചറിഞ്ഞത്.

Content Highlights: tourette syndrome, tourette syndrome elizabeth, fight with tourette syndrome