ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയട്ട് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ് ഈ വര്‍ഷം. ഇതിനോടനുബന്ധിച്ച് ആഘോഷപരിപാടികള്‍ ഗംഭീരമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് ബക്കിങ്ഹാം കൊട്ടാരം. അധികാരത്തിലേറിയതിന്റെ 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ബ്രിട്ടനിലെ ആദ്യ രാജ്ഞിയാണ് 94 വയസ്സുകാരിയായ എലിസബത്ത് രാജ്ഞി. ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി അധികാരത്തിലേറിയിട്ട് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

മിലിട്ടറി പരേഡ്, പാര്‍ട്ടികള്‍, പുതിയ ഡെസേര്‍ട്ട് ഉണ്ടാക്കുന്നതിനുള്ള മത്സരം തുടങ്ങിയ പരിപാടികള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് കൊട്ടാരം തിങ്കളാഴ്ച അറിയിച്ചു. ജൂണ്‍ രണ്ട് മുതല്‍ അഞ്ചുവരെ നീളുന്ന നാലുദിവസം വാര്‍ഷികാഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍, രാജ്ഞി ഏത് പരിപാടിയിലാണ് പങ്കെടുക്കുക എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. 

രാജ്ഞിയോടുള്ള ആദരസൂചകമായി യു.കെ.യില്‍ ഒരാഴ്ച അവധി നല്‍കാനും ബ്രിട്ടന്‍ ആലോചിക്കുന്നുണ്ട്. ജൂണ്‍ രണ്ടിന് രാജ്ഞിക്ക് ഔദ്യോഗിക മിലിട്ടറി പരേഡ് നടത്തും. യു.കെ.യ്ക്കും കോമണ്‍വെല്‍ത്തിനും രാജ്ഞി നല്‍കിയ സംഭാവനകളോടുള്ള ആദരസൂചകമായി തൊട്ടടുത്ത ദിവസം താങ്ക്‌സ്ഗിവിങ് പരിപാടി സംഘടിപ്പിക്കും. കൊട്ടാരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി വിരുന്ന് നടത്തും. 

കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ പ്ലാറ്റിനം പുഡ്ഡിങ് മത്സരം സംഘടിപ്പിക്കും. രാജ്ഞിയ്ക്കുവേണ്ടി പുതിയ ഡെസ്സേര്‍ട്ട് കണ്ടെത്തുന്നതിനുവേണ്ടിയാണിത്. എട്ടുവയസ്സുമുതലുള്ള യു.കെ. സ്വദേശികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ടെലിവിഷന്‍ കുക്കറി ഷോകളിലെ പ്രമുഖരായ വ്യക്തികളായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവരോടൊപ്പം ബക്കിങ്ഹാം കൊട്ടാരത്തിലെ ഹെഡ് ഷെഫ് ആയ മാര്‍ക്ക് ഫ്‌ലാനാഗനും ചേര്‍ന്നായിരിക്കും വിധിനിര്‍ണയിക്കുക. ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും. 

1400 പേര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ലണ്ടനിലും കോണ്‍വാളിലെ ഏദന്‍ പ്രോജക്ടിലുമായിട്ടായിരിക്കും ആഘോഷങ്ങള്‍ നടക്കുക. 

Content highlights: to honour queen elizabeth's seventy years on throne, britian to celebrate