കൊച്ചി: 'എന്നോടു യുദ്ധം ചെയ്യുന്നവരെ ഞാന്‍ കീഴടക്കും...' നാലു പതിറ്റാണ്ടോളം ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായിരുന്ന ഐ.എന്‍.എസ്. വിക്രാന്ത് എന്ന യുദ്ധക്കപ്പലിന്റെ ആപ്തവാക്യം. വിക്രാന്ത് എന്ന പടക്കപ്പല്‍ കൊച്ചിയുടെ തീരത്ത് ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായി പുനര്‍ജനിക്കുമ്പോള്‍ അവിടെ എന്തിനെയും കീഴടക്കാനുള്ള ആത്മവിശ്വാസവുമായി ഈ പെണ്‍കുട്ടികളുണ്ട്. കൊച്ചി കപ്പല്‍ശാലയില്‍ ഒരുങ്ങുന്ന വിക്രാന്തിന്റെ മുകള്‍പ്പരപ്പിലെ വിശാലമായ റണ്‍വേയില്‍ വെച്ചു കണ്ടുമുട്ടുമ്പോള്‍ കപ്പല്‍ശാലയിലെ ജീവനക്കാരികളായ രേവതി എസ്. സനനും ബി. സ്മൃതിയും നാവികസേനയിലെ ലഫ്. കമാന്‍ഡര്‍ ജാനറ്റ് മരിയ ഫിലിപ്പും നിറഞ്ഞ അഭിമാനത്തിലും സന്തോഷത്തിലുമായിരുന്നു. ഇവര്‍ക്കൊപ്പം ലഫ്. കമാന്‍ഡന്റ് ദര്‍ശിത ബാബുവും കപ്പല്‍ശാല ജീവനക്കാരികളായ രോഹിണി ചന്ദ്രനും സി.എസ്. അഞ്ജുവുമായിരുന്നു കപ്പല്‍ നിര്‍മാണത്തില്‍ പങ്കാളികളായ മറ്റു വനിതകള്‍.

വനിതകളുടെ കൈയൊപ്പ്

വിമാനവാഹിനി യുദ്ധക്കപ്പല്‍ കടല്‍ പരീക്ഷണം നടത്തിയപ്പോള്‍ ഈ പെണ്‍കുട്ടികള്‍ അതില്‍ മുഴുവന്‍ സമയവും പങ്കാളികളായിരുന്നു. നേവല്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ ലഫ്റ്റനന്റ് കമാന്‍ഡര്‍മാരായ ജാനറ്റും ദര്‍ശിതയും കപ്പലിന്റെ സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളുടെ നിര്‍മാണ മേല്‍നോട്ടത്തിലാണ് പങ്കാളികളായത്. കപ്പല്‍ശാലയിലെ ഐ.എ.സി. പ്രോജക്ട് ഇലക്ട്രിക്കല്‍ ഔട്ട്ഫിറ്റ് അസി. മാനേജര്‍ രേവതിയും പ്രോജക്ട് ഓഫീസര്‍ സ്മൃതിയും പ്രോജക്ട് അസിസ്റ്റന്റുമാരായ രോഹിണിയും അഞ്ജുവും കപ്പല്‍ നിര്‍മാണത്തിലെ പ്രധാന ഭാഗങ്ങളില്‍ തന്നെ പങ്കാളികളായി. ''ഒരു യുദ്ധക്കപ്പലില്‍ വനിതകളുടെ പങ്കാളിത്തം അപൂര്‍വമായ കാര്യമായിരുന്നു പണ്ടൊക്കെ. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. യുദ്ധക്കപ്പല്‍ നിര്‍മാണത്തില്‍ വനിതകള്‍ക്കും പങ്കാളികളാകാന്‍ സാധിച്ചത് വലിയ അഭിമാനമാണ്. സാങ്കേതിക വിദ്യയിലും കരുത്തിലും ആയുധബലത്തിലുമെല്ലാം പഴയ വിക്രാന്തിനെക്കാള്‍ ഏറെ മുന്നിലാണു പുതിയ വിക്രാന്ത്. അത്തരമൊരു കപ്പലിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ സാധിച്ചത് ഞങ്ങളുടെ കരിയറിലെ തന്നെ അവിസ്മരണീയ അധ്യായമാണ്'' - സ്മൃതി പറഞ്ഞു.

അഞ്ചാം തവണ വിജയം

നാവികസേനയില്‍ ചേരാനുള്ള ശ്രമങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നാലു തവണ പരാജയപ്പെട്ടിട്ടും അഞ്ചാം ശ്രമത്തില്‍ വിജയിച്ച കഥയാണ് ജാനറ്റ് പറഞ്ഞത്. തലശ്ശേരി സ്വദേശിയായ ജാനറ്റിന് അച്ഛന്‍ ഫിലിപ്പ് നല്‍കിയ പിന്തുണയാണ് വിജയത്തിന്റെ വലിയ കടലായത്. ''സൈനിക മേഖലയുമായി ബന്ധമുള്ള ഒരാള്‍ പോലും വീട്ടിലോ കുടുംബത്തിലോ ഇല്ലാതിരുന്ന ഒരാളാണ് ഞാന്‍. ചെന്നൈയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോള്‍ അവിടെ അധ്യാപകനായിരുന്ന എയര്‍ഫോഴ്സ് ഓഫീസര്‍ അഗസ്റ്റിന്‍ സാറാണ് സൈനിക ഇഷ്ടം വളര്‍ത്തിയത്. നാവികസേനയില്‍ ചേരാനുള്ള ടെസ്റ്റില്‍ നാലു തവണ പരാജയപ്പെട്ടപ്പോഴും അച്ഛന്‍ തന്ന പിന്തുണ ആത്മവിശ്വാസമേകി. വനിതകള്‍ക്കും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന മേഖലയാണ് സൈന്യമെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ നാവികസേന അംഗമാകുമ്പോള്‍ അത് അനുഭവത്തിലൂടെ ബോധ്യമാകുന്നുണ്ട്'' - ജാനറ്റ് പറഞ്ഞു.

കടല്‍ എന്ന അനുഭവം

കപ്പല്‍ശാലയിലെ ജീവനക്കാരിയാണെങ്കിലും ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ദൂരം കടലില്‍ പോകുന്നതെന്ന് രേവതി പറഞ്ഞു. ''വിക്രാന്തിന്റെ കടല്‍ പരീക്ഷണത്തില്‍ പങ്കാളിയാകാന്‍ അഞ്ചു ദിവസത്തോളം കടല്‍യാത്ര വേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ത്തന്നെ അതൊരു അനുഭവമാകുമെന്ന് ഉറപ്പായിരുന്നു.മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അനിക് ഷാജി കടല്‍യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു തന്നിരുന്നു. കടലിനുള്ളിലേക്ക് ചെല്ലുന്തോറും അതൊരു വ്യത്യസ്ത ലോകമാണെന്നു മനസ്സിലായി. ആവശ്യത്തിനു മരുന്നും മറ്റും കരുതിയാണ് ഞങ്ങളെല്ലാം പോയത്. അഞ്ചു ദിവസം തുടര്‍ച്ചയായി കടലില്‍ സഞ്ചരിക്കേണ്ടി വന്നത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം തന്നെയായിരുന്നു''.

രേവതി പറയുമ്പോള്‍ സ്മൃതി ഇടയില്‍ കയറി, ''ഒന്നര വയസ്സുള്ള മകനെ അമ്മയ്‌ക്കൊപ്പം നിര്‍ത്തിയിട്ടാണ് ഞാന്‍ കടല്‍യാത്രയ്ക്കു വന്നത്. രാവും പകലും പകരുന്ന അനുഭവങ്ങളുമായുള്ള കടല്‍യാത്രയില്‍ അഞ്ചു ദിവസം പോയതറിഞ്ഞില്ല. എത്ര ദൂരം യാത്ര ചെയ്താലും കടല്‍ എന്ന അനുഭവം പിന്നെയും ബാക്കിയാണ്''.

Content Highlights: three women Engineers hands behind india's first aircraft carrier ins vikrant