വനിതാ ദിനത്തിനു മുന്നോടിയായി പ്രശസ്ത പ്രെഗ്നൻസി കിറ്റ് ബ്രാൻഡായ പ്രഗാ ന്യൂസ് പുറത്തിറക്കിയ വിഡിയോ വൻ ഹിറ്റാണ് യൂട്യൂബിൽ. മാർച്ച് എട്ട് വനിതാ ദിനത്തിന് മുന്നോടിയായാണ് വന്ധ്യതയെ പറ്റി സമൂഹത്തിലുള്ള തെറ്റായ ചിന്തകളെ ചോദ്യം ചെയ്യുന്ന വീഡിയോ ഇവർ പുറത്തിറക്കിയിരിക്കുന്നത്.

'വന്ധ്യത എങ്ങനെ അതിന് ഇരകളാകുന്ന സ്ത്രീകളുടെ ജീവിതം തകർന്നുവെന്നതാണ് വിഷയം. വന്ധ്യത, ലക്ഷക്കണക്കിനു പേർ നിശ്ശബ്ദമായി സഹിക്കുന്നവരാണ്. എന്നാൽ ഇത്തവണത്തെ വനിതാ ദിനത്തിൽ ഞങ്ങൾക്കു നിങ്ങളോട് പറയാനുള്ളത് വന്ധ്യതയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും പൊട്ടിച്ചെറിയണമെന്നാണ്. വന്ധ്യത മറയ്ക്കപ്പെടേണ്ടതോ രഹസ്യമായി കൊണ്ടുനടക്കേണ്ടതോ അല്ല. പ്രസവിച്ചാലും ഇല്ലെങ്കിലും ഓരോ സ്ത്രീയും അവരുടേതായ അർഥത്തിൽ പൂർണതയുള്ള വ്യക്തികളാണ്.' പ്രഗാ ന്യൂസ് തങ്ങളുടെ ചിത്രത്തെ പറ്റി കുറിക്കുന്നത് ഇങ്ങനെ. അവൾ അവളിൽ തന്നെ പൂർണതയുള്ളവളാണ് - എന്നർഥം വരുന്ന #ShecompleteInHerself എന്നൊരു ഹാഷ്ടാഗും അവർ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിനു മുന്നോടിയായി പ്രെഗാ ന്യൂസ് എഴുതി.

പരസ്യചിത്രത്തിൽ മോന സിങ് എന്ന നടിയാണ് അഭിനയിക്കുന്നത്. കുടുംബത്തിലെ മൂത്ത മരുമകളുടെ വേഷത്തിലാണ് മോന അഭിനിയിച്ചിരിക്കുന്നത്. അവൾക്ക് ഇത് വരെ കുട്ടികളായിട്ടില്ല. എന്നാൽ കുടുംബത്തിലെ ഇളയ മരുമകൾ ഗർഭിണിയാണ്. അവർ ഒരു കുട്ടിക്കുവേണ്ടി ഒരുങ്ങുകയാണ്. ആ സന്തോഷത്തിൽ പങ്കുചേരുകയാണ് മോന സിങ്ങും. എന്നാൽ അവരുടെ വിഷാദം പ്രേക്ഷകർക്കു മനസ്സിലാകുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അവസാനം ഇളയമരുമകൾ മോനാ സിങ്ങിനോട് ഒരു ചോദ്യം ചോദിക്കുന്നതാണ് പരസ്യചിത്രത്തിന്റെ ക്ലൈമാക്സ്. ഒരു അമ്മയാകുക എന്നതിനപ്പുറം ആ കുടുംബത്തിന് അവൾ എത്രപ്രധാനപ്പെട്ടതാണ് എന്ന്മനസ്സിലാക്കുകയാണ് മോനാ സിങ്ങ് ആ നിമിഷം മുതൽ. കാഴ്ചക്കാരിലേക്ക് വലിയൊരു സന്ദേശം എത്തിക്കാനാണ് പരസ്യചിത്രത്തിന്റെ ശ്രമം.

Content Highlights:This Mona Singh Ad Is Going Viral With A Powerful Hashtag