എയര്‍ ഹോസ്റ്റസ് എന്നു പറയുമ്പോഴേ ഓര്‍മയിലാദ്യം ഓടിയെത്തുക അവരുടെ വേഷവിധാനങ്ങളായിരിക്കും. ഹൈഹീല്‍ ചെരുപ്പും തൊപ്പിയും പെന്‍സില്‍ സ്‌കേര്‍ട്ടുമൊക്കെയാണ് ഭൂരിഭാഗം വരുന്ന വിമാനകമ്പനികളുടെയും വനിതാ ജീവനക്കാരുടെ വേഷം. എന്നാല്‍, ഇത് അവരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.  

തങ്ങളുടെ വനിതാ ജീവനക്കാര്‍ക്കുവേണ്ടി ഉചിതമായ തീരുമാനമെടുത്ത് വാര്‍ത്തകളില്‍ ശ്രദ്ധ നേടുകയാണ് യുക്രൈൻ വിമാനക്കമ്പനിയായ സ്‌കൈഅപ്. ഹൈഹീല്‍ഡ് ചെരുപ്പിന് പകരം ഷൂവും പെന്‍സില്‍ സ്‌കേര്‍ട്ടിനു പകരം പാന്റും അയഞ്ഞ വസ്ത്രങ്ങളും ധരിക്കാന്‍ കമ്പനി വനിതാ ജീവനക്കാര്‍ക്ക് അനുമതി നല്‍കി. പഴയ വസ്ത്രധാരണ രീതി വനിതാ ജീവനക്കാരില്‍ മടുപ്പുളവാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്  പുതിയ തീരുമാനമെന്ന്  സ്‌കൈഅപ് വ്യക്തമാക്കി. 

തുടര്‍ച്ചയായി മണിക്കൂറുകളോളം ഹൈഹീല്‍ഡ് ചെരുപ്പില്‍ നില്‍ക്കേണ്ടി വരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തുടര്‍ച്ചയായി 21 മണിക്കൂറോളം ഈ ചെരുപ്പില്‍ നിന്നാല്‍ ഡ്യൂട്ടി കഴിയുമ്പോള്‍ നടക്കാന്‍ പോലും കഴിയാറില്ല. സുരക്ഷാപരിശോധനയും വൃത്തിയാക്കലും ഈ 21 മണിക്കൂറില്‍ ഉള്‍പ്പെടും-ഫ്‌ളൈറ്റ് അറ്റന്ററായ ഡാരിയ സോളോമെന്നായ ബി.ബി.സി.യോട് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളേക്കാളുപരി പല ജീവനക്കാരുടെയും കാല്‍ നഖങ്ങള്‍ കേടുവന്നു. ഇത് ചികിത്സിച്ചാല്‍പോലും ഒരിക്കലും പഴയപോലെ ആകില്ല. ഇറുകിയ പാവാട ഇടുന്നതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്-അവര്‍ കൂട്ടിച്ചേര്‍ത്തു.

പുതുക്കിയ വസ്ത്രധാരണശൈലിയില്‍ വൈകാതെ വനിതാ ജീവനക്കാരെത്തുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഹൈഹീല്‍ഡ് ചെരുപ്പിനു പകരം നൈക്ക് എയര്‍മാക്‌സ് 720 ഷൂസാണ് നല്‍കിയിരിക്കുന്നത്. 

'കാലം മാറിയിരിക്കുന്നു. സ്ത്രീകളിലും മാറ്റം സംഭവിച്ചിരിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള ഹൈഹീല്‍സും ചുവന്ന ലിപ്സ്റ്റിക്കും തലമുടി കെട്ടുന്ന ബണ്ണും മാറ്റാന്‍ സമയമായി. പുതിയ രീതിയലുള്ള, എന്നാല്‍ സുഖകരമായ വസ്ത്രധാരണത്തിലും മേക്കപ്പിലുമായിരിക്കും ഇനി വനിതാ ജീവനക്കാര്‍ പ്രത്യക്ഷപ്പെടുക'-സ്‌കൈഅപ് എയര്‍ലൈന്‍സ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്‌മെന്റ് മരിയാന്ന ഗ്രിഗോറാഷ് വ്യക്തമാക്കി. 

തങ്ങളുടെ വനിതാ ജീവനക്കാരെ ലൈംഗിക ചുവയോടെയും തമാശരൂപത്തിലും കാണുന്നതിനോട് കമ്പനിക്ക് യോജിപ്പില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: this airline is swapping high heels pencil skirts for sneakers and trousers